തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിൽ നഷ്ടക്കണക്കിൽ മുന്നിൽ കെ.എസ്.ആർ.ടി.സി. 2020-21 കാലയളവിൽ 1976 കോടിയാണ് നഷ്ടം. തൊട്ടുപിന്നിൽ 1822 കോടി നഷ്ടത്തിൽ കെ.എസ്.ഇ.ബിയും. ബിവറേജസ് കോർപറേഷനാണ് മൂന്നാംസ്ഥാനത്ത് -1608 കോടി. 504 കോടിയുടെ നഷ്ടമുള്ള ജല അതോറിറ്റിയും ഒട്ടും പിന്നിലല്ല.
ബജറ്റിനൊപ്പം നിയമസഭയിൽ സമർപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കെ.ടി.ഡി.എഫ്.സി -63.30 കോടി, കശുവണ്ടി വികസന കോർപറേഷൻ-55.48 കോടി, സിവിൽ സപ്ലൈസ് കോർപറേഷൻ 39.44 കോടി, സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ 38.87 കോടി എന്നിങ്ങനെയാണ് നഷ്ടത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ.
ലാഭക്കണക്കിൽ മുന്നിലുള്ള 10 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമത് കെ.എസ്.എഫ്.ഇയാണ്. 146.41 കോടിയുടെ മികവാണ് 2020-21 കാലയളവിൽ കെ.എസ്.എഫ്.ഇക്ക് അവകാശപ്പെടാനുള്ളത്. തൊട്ടുപിന്നിലുള്ള കെ.എം.എം.എല്ലിന് 85.28 കോടിയുടെ നേട്ടമാണുള്ളത്. 36.07 കോടി ലാഭം കൊയ്ത കേരള ഫീഡ്സാണ് മൂന്നാമത്. ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ -26.62 കോടി, സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ-23.60 കോടി, കെ.എം.എസ്.സി.എൽ-22.89 കോടി, റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി-17.80 കോടി, ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ -16.92 കോടി, സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് -15.75 കോടി, ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ-15.48 കോടി എന്നിങ്ങനെയാണ് ലാഭത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ. നഷ്ടത്തിലാണെങ്കിലും വിറ്റുവരവിന്‍റെ കാര്യത്തിൽ മുന്നിലാണ് കെ.എസ്.ഇ.ബി. 2020-21 കാലയളവിൽ 14420 കോടിയാണ് കെ.എസ്.ഇ.ബിയുടെ വിറ്റുവരവ്. 5176 കോടി വിറ്റുവരവുള്ള സിവിൽ സപ്ലൈസ് കോർപറേഷനാണ് രണ്ടാമത്. കെ.എസ്.എഫ്.ഇയാണ് മൂന്നാമത് (2991 കോടി). 2527 കോടിയുടെ വിറ്റുവരവുള്ള ബിവറേജസ് കോർപറേഷൻ തൊട്ടുപിന്നിലുണ്ട്. ജീവനക്കാരുടെ കാര്യത്തിൽ മുന്നിൽ കെ.എസ്.ഇ.ബിയാണ്. 32,518 പേരാണ് കെ.എസ്.ഇ.ബിയിലുള്ളത്. 30,060 ജീവനക്കാരുള്ള കെ.എസ്.ആർ.ടി.സിയാണ് രണ്ടാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.