തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാനുള്ള തീരുമാനവുമായി കെ.എസ്.ആർ.ടി.സി മുന്നോട്ട്. എന്നാൽ, ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രിയും. ഇതോടെ വിഷയം വീണ്ടും ചൂടുപിടിച്ചു. കെ.എസ്.ആർ.ടി.സിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാട്ടത്തിന് ബെവ്കോക്ക് നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ തൊഴിലാളി യൂനിയൻ നേതാക്കളെ അറിയിച്ചു.
ഗതാഗതമന്ത്രി ആൻറണി രാജുവിെൻറ പ്രസ്താവനയെ പിന്തുണക്കുന്ന നിലപാടാണ് എം.ഡിയുടെതും. എന്നാൽ, എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ ഇക്കാര്യം തള്ളി. അതുസംബന്ധിച്ച കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ആവശ്യമില്ലാത്ത വിവാദവും ചർച്ചയുമാണ് നടക്കുന്നത്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മദ്യവിതരണം നടത്തുമെന്നല്ല ഗതാഗതമന്ത്രി പറഞ്ഞത്. കെ.എസ്.ആർ.ടി.സിക്ക് ആവശ്യം പോലെ സ്ഥലമുണ്ട്. അതാണ് മന്ത്രി പറഞ്ഞത്. പക്ഷേ, ഡിപ്പോകളിൽ ഒൗട്ട്ലെറ്റുകൾ ആരംഭിക്കുന്നത് സർക്കാർ പരിഗണനയിലില്ല' എന്നും എക്സൈസ് മന്ത്രി പറഞ്ഞു. കോടതി നിർദേശാനുസരണം, ജനങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഒൗട്ട്ലെറ്റുകൾ മാറ്റുന്ന നടപടിയിലാണ് സർക്കാർ. അത് പൂർണമായും മാറ്റുന്നത് പ്രയാസകരമാണ്. ആ സാഹചര്യത്തിൽ കോടതിയുടെ അനുമതി തേടി ചിലത് അവിടങ്ങളിൽതന്നെ തുടരുന്നതിനുള്ള നടപടിയും സ്വീകരിക്കും. ഒാൺലൈൻ സംവിധാനത്തിൽ പണമടച്ച് മദ്യം വാങ്ങുന്നത് വ്യാപിപ്പിക്കും. എന്നാൽ, വീടുകളിൽ മദ്യമെത്തിക്കുന്ന സംവിധാനത്തെക്കുറിച്ച് ഉദ്ദേശിക്കുന്നില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ബെവ്കോ ഒൗട്ട്ലെറ്റുകൾ തുറക്കുമെങ്കിലും അത് ഡിപ്പോകൾക്കുള്ളിൽ ആയിരിക്കില്ലെന്ന് എം.ഡി തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്. ഡിപ്പോകൾക്ക് പുറത്തുള്ള ഭൂമിയിലായിരിക്കും ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കുക. കെ.എസ്.ആർ.ടി.സിയുടെ ഭൂമിയിൽ ബെവ്കോയുമായി സഹകരിച്ചാകും കെട്ടിടങ്ങൾ നിർമിക്കുക. ഇതിനുള്ള ശിപാർശ നൽകിയെന്നും ബിജു പ്രഭാകർ തൊഴിലാളി യൂനിയൻ നേതാക്കളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.