തിരുവനന്തപുരം: ബസുകളുടെ കാലപരിധിയിലും പെർമിറ്റിലും കെ.എസ്.ആർ.ടി.സിയുടെ എതിർപ്പ് അവഗണിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) ഏകപക്ഷീയ തീരുമാനം. എട്ടു വർഷത്തിലധികം പഴക്കമുള്ള ബസുകൾക്ക് പുതിയ ഒാർഡിനറി പെർമിറ്റും ഏഴ് വർഷത്തിലധികം പഴക്കമുള്ള ബസുകൾക്ക് പുതിയ സിറ്റി/ ടൗൺ സ്റ്റേജ് കാേര്യജ് പെർമിറ്റും അഞ്ചു വർഷത്തിലധികം പഴക്കമുള്ളവക്ക് പുതിയ ലിമിറ്റഡ് സ്റ്റോപ് ഒാർഡിനറി പെർമിറ്റും പുതുതായി നൽകേണ്ടെന്നാണ് തീരുമാനം. ഒരു വിഭാഗം സ്വകാര്യബസുടമകൾ സമർപ്പിച്ച അപേക്ഷയെ തുടർന്ന് ജൂണിൽ ചേർന്ന എസ്.ടി.എ യോഗത്തിലാണ് കെ.എസ്.ആർ.ടി.സിയെ പ്രതികൂലമായി ബാധിക്കുന്ന വിഷയം അജണ്ടയായെത്തിയത്. എസ്.ടി.എ യോഗത്തിൽ കെ.എസ്.ആർ.ടി.സി ശക്തമായ വിയോജിപ്പ് രേഖാമൂലവും അല്ലാതെയും അറിയിക്കുകയും ചെയ്തിരുന്നു. ഇതൊന്നും പരിഗണിച്ചിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്.ടി.എ യോഗ തീരുമാനങ്ങൾ വ്യക്തമാക്കുന്നത്.
സൂപ്പർ ഫാസ്റ്റ് അടക്കം സൂപ്പർക്ലാസ് സർവിസുകൾ അഞ്ചു വർഷം പൂർത്തിയായാൽ അവയെ ലിമിറ്റഡ് സ്റ്റോപ്, ഒാർഡിനറി സർവിസുകളാക്കി മാറ്റം വരുത്തി പുതിയ പെർമിറ്റ് നേടി നിരത്തിലെത്തിക്കുകയാണ് സാധാരണ കെ.എസ്.ആർ.ടി.സി െചയ്യുന്നത്. എസ്.ടി.എയുടെ നിലവിലെ തീരുമാനത്തോടെ ഒാർഡിനറി, ലിമിറ്റഡ് സ്റ്റോപ് സർവിസുകൾ കെ.എസ്.ആർ.ടി.സിക്ക് നടത്താനാകാത്ത സ്ഥിതിയുണ്ടാകും. അല്ലെങ്കിൽ ഇത്തരം പെർമിറ്റുകൾക്ക് പുതിയ ബസുകൾ വാങ്ങേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇതു ഒട്ടും പ്രാവർത്തികവുമല്ല.
പുതിയ പെർമിറ്റുകളിൽ കാലപ്പഴക്കം ബാധകമാക്കണമെന്ന് പറയുന്ന സ്വകാര്യ ബസുകൾ പെർമിറ്റുകൾ പുതുക്കി നൽകുന്നതിൽ കാലപരിധി നിബന്ധനയാക്കണമെന്ന് ആവശ്യെപ്പടുന്നില്ല. പെർമിറ്റ് പുതുക്കലിൽ പരിഗണിക്കാതെ പുതിയ പെർമിറ്റുകളിൽ മാത്രം ബസുകളുടെ പഴക്കം മാനദണ്ഡമാക്കുന്നത് വിവേചനപരമാെണന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. ട്രാൻസ്പോർട്ട് അതോറിറ്റി നിശ്ചയിച്ചത് പ്രകാരം നിലവിൽ സ്റ്റേജ് കാര്യേജ് പെർമിറ്റ് ലഭിക്കുന്നതിനുള്ള വാഹനങ്ങളുടെ പരമാവധി കാലപ്പഴക്കം 15 വർഷമാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി പെർമിറ്റ് നടപടി സ്വീകരിക്കണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.