തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സർക്കാർ ധനസഹായമില്ലാതെ മേയിലെ ശമ്പളവും നൽകാനാവില്ലെന്ന് മാനേജ്മെന്‍റ്. ഇതിനായി 65 കോടി രൂപ ആവശ്യപ്പെട്ട് സർക്കാറിന് കത്തുനൽകി. എന്നാൽ ഇത് പരിഗണിക്കുമോ എന്നതിൽ ഉറപ്പില്ല. എല്ലാ മാസവും സർക്കാർ ധനസഹായം പ്രതീക്ഷിക്കേണ്ടെന്ന ധനമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ വിശേഷിച്ചും. ഫലത്തിൽ മേയിലെ ശമ്പളവിതരണം ഏപ്രിലിലേതിനെക്കാൾ പ്രതിസന്ധിയിലാണെന്നാണ് സൂചന. സര്‍ക്കാര്‍ സഹായം വൈകിയതാണ് ഇത്തവണ ശമ്പളവിതരണം വൈകിപ്പിച്ചത്. സര്‍ക്കാര്‍ നടപടികളില്‍ കാലതാമസമുണ്ടായതായി തൊഴിലാളി യൂനിയനുകള്‍ ആരോപിച്ചിരുന്നു. അതേസമയം ഇന്ധനവിലക്കുറവ് കെ.എസ്.ആര്‍.ടി.സിക്കും ആശ്വാസമാണ്. 3.5 ലക്ഷം ലിറ്റര്‍ ഡീസല്‍ പ്രതിദിനം കോര്‍പറേഷന്‍ ഉപയോഗിക്കുന്നുണ്ട്.
ദിവസം 20-25 ലക്ഷം രൂപയുടെ ലാഭമുണ്ടാകും. സര്‍ക്കാര്‍ സഹായം ലഭിച്ചെങ്കിലും സൂപ്രണ്ട് മുതല്‍ എക്‌സി. ഡയറക്ടര്‍മാര്‍ക്ക് വരെ ഏപ്രിലിലെ ശമ്പളം കൊടുക്കാന്‍ ഇനിയും 2.5 കോടി രൂപ കൂടി വേണം. തിങ്കളാഴ്ചത്തെ വരുമാനത്തില്‍നിന്ന് ശമ്പളം നല്‍കാനാണ് ശ്രമം.
വെള്ളിയാഴ്ച ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗങ്ങള്‍ക്കായി 53.5 കോടിയും ശനിയാഴ്ച മെക്കാനിക്, മിനിസ്റ്റീരിയല്‍ തുടങ്ങി മറ്റുവിഭാഗങ്ങള്‍ക്കായി 20 കോടിയും ശമ്പളമായി നല്‍കി. ഡയസ്‌നോണ്‍ ദിവസങ്ങളിലെ ശമ്പളം ഒഴിവാക്കിയാല്‍ ഏപ്രിലിൽ 76 കോടിയാണ് വേണ്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.