കൊച്ചി: സ്ഥിരമോ; താൽക്കാലികമോ എന്ന് പരിഗണിക്കാതെ കെ.എസ്.ആർ.ടി.സിയിലെ അടിസ്ഥാന വിഭാഗം ജീവനക്കാർക്കെല്ലാം ആദ്യം ശമ്പളം നൽകണമെന്ന് ഹൈകോടതി. ഡ്രൈവർ, കണ്ടക്ടർ, സ്വീപ്പർ, ഗാരേജ് മസ്ദൂർ, ഓഫിസ് അറ്റൻഡർ, പ്യൂൺ തസ്തികയിലുള്ളവർക്കാണ് ആദ്യം ശമ്പളം ലഭിക്കേണ്ടത്. അടുത്ത മാസത്തെ ശമ്പളം സാധ്യമെങ്കിൽ ആഗസ്റ്റ് അഞ്ചിന് നൽകണം. ആഗസ്റ്റ് പത്ത് വിട്ട് പോകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാരൻ ആർ. ബാജിയടക്കമുള്ളവർ നൽകിയ ഹരജികളിലാണ് ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക് തുടങ്ങിയ അടിസ്ഥാന വിഭാഗം ജീവനക്കാർക്ക് ശമ്പളം നൽകിയശേഷം സൂപ്പർവൈസറി തസ്തികയിലുള്ളവർക്ക് ശമ്പളം നൽകിയാൽ മതിയെന്ന ഉത്തരവിൽ സിംഗിൾബെഞ്ച് ചെറിയ ഭേദഗതി വരുത്തിയത്.
പൂട്ടിപ്പോകുമെന്ന അടക്കംപറച്ചിൽ പോലും അനുവദിക്കാനാവില്ലെന്നും കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ് അനിവാര്യമാണെന്നും കോടതി പറഞ്ഞു. യാത്രക്കാരെ വീണ്ടും കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് തിരിച്ചെത്തിക്കണം. ഇതിനായി ബാക്ക് ടു കെ.എസ്.ആർ.ടി.സി പോലുള്ള നടപടികൾ വേണം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. ടോയ്ലറ്റുകളിലും മൂത്രപ്പുരകളിലും കയറാനാവാത്ത സ്ഥിതിയുണ്ട്. ഇവ വൃത്തിയായാൽ കൂടുതൽ ജനങ്ങൾ യാത്രക്കായി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുമെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
അതേസമയം, കുറേ മാസത്തിന് ശേഷം ആദ്യമായി കഴിഞ്ഞ മാസം 3.52 കോടി രൂപ മിച്ചം ഉണ്ടായതായി കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. യൂനിയനുകൾ വിവിധ ഓഫിസുകൾക്ക് മുന്നിലെ സമരം അവസാനിപ്പിച്ചെന്നും വ്യക്തമാക്കി. നിർദേശങ്ങൾ സമർപ്പിക്കാമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് ഹരജികൾ വീണ്ടും ആഗസ്റ്റ് രണ്ടിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.