പാലക്കാട്: രാത്രി എട്ടു മുതൽ രാവിലെ ആറുവരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് നിർദേശമുണ്ടെങ്കിലും ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദേശം നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി എം.ഡി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ഇങ്ങനെ നിർത്തുന്നത് ദീർഘദൂര യാത്രക്കാർക്ക് അസൗകര്യമാണെന്നും നിരവധി പരാതികൾ വന്നതാണെന്നും തുടർന്നും ഇത്തരം സർവിസുകൾ നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ നിർത്തില്ലെന്നും കമീഷനെ അറിയിച്ചു.
പാലക്കാട്-വാളയാർ റൂട്ടിൽ പതിനാലാംകല്ലിൽ ബസുകൾ നിർത്താറില്ലെന്ന് പരാതിപ്പെട്ട് പാലക്കാട് സ്വദേശി മണികണ്ഠൻ സമർപ്പിച്ച പരാതിയിൽ കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
വാളയാർ-പാലക്കാട് റൂട്ടിൽ രാത്രികാലങ്ങളിൽ ഓർഡിനറി ബസ് സർവിസിനുള്ള സാധ്യത പരിശോധിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി പാലക്കാട് ജില്ല ട്രാൻസ്പോർട്ട് ഓഫിസർക്കാണ് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.