തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കോവിഡ് കാലത്ത് നിർത്തിയിട്ട 1736 ബസുകളിൽ 1047 എണ്ണവും ഉപയോഗിക്കാനാകാതെ ആക്രിവിലയ്ക്ക് തൂക്കി വിറ്റു. ദീർഘകാലം നിർത്തിയിട്ട ബസുകളിൽ ഭൂരിഭാഗവും പൂർണമായും പ്രവർത്തന ക്ഷമമല്ലാതാവുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി കെ.എസ്.ആർ.ടി.സിക്കുണ്ടായത്. ശേഷിച്ച 689 ബസുകൾ തിരികെ റോഡിലെത്തിച്ചെങ്കിലും 12,000 രൂപ മുതൽ 30,000 രൂപ വരെ ഓരോ ബസിലും അധികമായി ചെലവഴിക്കേണ്ടി വന്നു.
കാലപരിധി കഴിഞ്ഞ ബസുകൾ പൊളിച്ചുവിൽക്കുന്നത് കണക്കിൽ കെ.എസ്.ആർ.ടി.സിക്ക് വരുമാനമാണെങ്കിലും കാലമെത്താത്ത ബസുകൾ പോലും പൊളിച്ചവയിലുണ്ട്. എട്ടുവർഷത്തിനിടെ 2089 ബസുകളാണ് പൊളിച്ചുവിറ്റത്. ഈ ഇനത്തിൽ 39.78 കോടി അക്കൗണ്ടിലുമെത്തി. 15 വർഷമാണ് ബസുകളുടെ കാലപരിധിയായി കേന്ദ്രം നിശ്ചയിച്ചതെങ്കിലും 2017ൽ വാങ്ങിയ ബസുകൾ വരെ ഉപയോഗ ശൂന്യമായി ആക്രി വിലയ്ക്ക് വിറ്റവയുടെ കൂട്ടത്തിലുണ്ട്.
സമയബന്ധിതമായി അറ്റകുറ്റപ്പണി ഇല്ലാത്തതും ഗുണനിലവാരമില്ലാത്ത സ്പെയർപാർട്സുകളും അനുയോജ്യമല്ലാത്ത സ്പെയർപാർട്സുകളുടെ ഉപയോഗവുമെല്ലാം വാഹനങ്ങളുടെ ആയുസ്സ് കുറക്കുന്നെന്നാണ് വിലയിരുത്തൽ. 2016-17 കാലയളവിൽ 190 ലോഫ്ലോർ എ.സിയും 413 നോൺ എ.സി ലോഫ്ലോറുകളുമടക്കം 603 ബസുകൾ നിരത്തിലുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 93 ബസുകൾ മാത്രമാണ് ഓടുന്നത്. 70 എണ്ണം കട്ടപ്പുറത്താണ്. 20 ബസുകൾ സമീപ വർഷങ്ങളിൽ സ്ക്രാപ് ചെയ്തു. ബസുകൾ അപകടത്തിൽ പെട്ടാൽ നാശനഷ്ടം കണക്കാക്കി ഉത്തരവാദിത്തപ്പെട്ട ജീവനക്കാരിൽനിന്ന് ഈടാക്കുന്ന രീതി കെ.എസ്.ആർ.ടി.സി തുടരുന്നുണ്ട്. ഈ ഇനത്തിൽ 2022 നും 2024 നും ഇടയിൽ ഈടാക്കിയത് 67 ലക്ഷം രൂപയാണ്. പിഴ ഇനത്തിൽ 39 ലക്ഷവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.