കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട് ലോഫ്ലോർ ബസിന്റെ ചില്ല് തകർന്നു. ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ സ്വിഫ്റ്റും സുൽത്താൻ ബത്തേരിയിൽ നിന്ന് വന്ന ലോഫ്ലോറും ഇടിച്ചാണ് അപകടമുണ്ടായത്.
കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് സർവീസുകൾ അപകടത്തിൽപെടുന്നത് തുടരുകയാണ്. നേരത്തെ, അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടിരുന്നു. സ്വിഫ്റ്റ് സർവ്വീസുകൾ തുടങ്ങി ആദ്യ 24 മണിക്കൂറിനകം രണ്ട് അപകടങ്ങൾ നടന്നിരുന്നു.
തിരുവനന്തപുരം: സ്വിഫ്റ്റ് സർവിസുകളെക്കുറിച്ചുള്ള വാർത്തകൾക്ക് മറുപടി നൽകിയും സ്വകാര്യ സർവിസുകളുടെ നിരക്ക് കൊള്ള തുറന്നുകാട്ടിയും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. സാധാരണ യാത്രക്കാരുടെ ന്യായമായ യാത്ര സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് പുതിയ സംരംഭമായ കെ-സ്വിഫ്റ്റ് സർവിസുകളെന്നും മുൻവിധിയോടെ ചില മാധ്യമങ്ങളും നവമാധ്യമങ്ങളും സംരംഭത്തെ തകർക്കാൻ മനഃപൂർവം ശ്രമം നടത്തുകയാണെന്നും അധികൃതർ ആരോപിക്കുന്നു.
കൃത്യമായ അജണ്ടയോടെ തെറ്റായ വാർത്തകളിലൂടെ ബുദ്ധിമുട്ടിപ്പിച്ചവരോട് ഒന്നേ പറയാനുള്ളൂ. 'നിങ്ങളുടെ അമിതാവേശം ഞങ്ങൾക്ക് നൽകിയത് ഒരു രൂപ ചെലവില്ലാതെ ലക്ഷങ്ങൾ മുടക്കി പരസ്യം നൽകിയാൽ കിട്ടുന്നതിലേറെ പ്രശസ്തിയാണ്. അതിനുള്ള അവസരമൊരുക്കിയത് നന്ദിയോടെ സ്മരിക്കുന്നു. ആരോടും പരാതിയില്ല'
വാഹനങ്ങൾക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങൾക്കും പഴയ വാഹനങ്ങൾക്കും അപകടം സംഭവിക്കാം. എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം. സ്വകാര്യ ബസ് കമ്പനികൾ ഈടാക്കുന്ന ബംഗളൂരു -എറണാകുളം നിരക്കുകൾ പരിശോധിച്ചാൽ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്‍റെ പൂർണരൂപം ലഭിക്കും. ഇതിനൊരു പരിഹാരമെന്ന രീതിയിലാണ് സ്വിഫ്റ്റ് എത്തിയത്. സ്വിഫ്റ്റിന്‍റെ റൂട്ടുകൾ പ്രധാനമായും സ്വകാര്യ ഓപറേറ്റർമാരുടെ കുത്തക റൂട്ടുകളാണ്. വൻകിട ബസ് കമ്പനികൾ അടക്കിവാഴുന്ന റൂട്ടാണിവ.
യാത്രക്കാർ കൂടുതലുള്ള ദിവസങ്ങളിൽ രണ്ടും മൂന്നും ഇരട്ടി നിരക്ക് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസാണ് സ്വകാര്യ ഓപറേറ്റർമാർ ചെയ്യുന്നത്. എന്നാൽ, സ്വിഫ്റ്റിന് എല്ലാ ദിവസവും ഒരേ നിരക്കാണ്. സ്വാഭാവികമായും സ്വകാര്യ ബസുകാരുടെ വെള്ളി-ഞായർ കൊള്ള യാത്രക്കാർ എളുപ്പത്തിൽ തിരിച്ചറിയും. ഒരു ബസിന് 1000 രൂപ വീതം കൂട്ടിയാൽതന്നെ കോടികളുടെ തട്ടിപ്പാണ് നടക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.