താമരശ്ശേരി (കോഴിക്കോട്): കെ.എസ്.ആർ.ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. താമരശ്ശേരിക്കടുത്ത് കൈതപൊയിലിൽ വെച്ചാണ് ബസ് ലോറിയുടെ പിറകിൽ ഇടിച്ചത്.
തിരുവനന്തപുരം- മാനന്തവാടി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ 6.30നാണ് സംഭവം. മുന്നിൽ പോവുകയായിരുന്ന ലോറി ബ്രേക്ക് ഇട്ടപ്പോൾ പിന്നിലുണ്ടായിരുന്ന സ്വിഫ്റ്റ് ബസ് ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. അപകടത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലിനും വാതിലിനും കേടുപാടുകളുണ്ടായി.
ദിവസങ്ങൾ മാത്രം മുമ്പ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട് ലോഫ്ലോർ ബസിന്റെ ചില്ല് തകർന്നിരുന്നു. ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ സ്വിഫ്റ്റും സുൽത്താൻ ബത്തേരിയിൽ നിന്ന് വന്ന ലോഫ്ലോറും ഇടിച്ചാണ് അപകടമുണ്ടായത്.
കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് സർവീസുകൾ അപകടത്തിൽപെടുന്നത് തുടരുകയാണ്. നേരത്തെ, അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടിരുന്നു. സ്വിഫ്റ്റ് സർവ്വീസുകൾ തുടങ്ങി ആദ്യ 24 മണിക്കൂറിനകം രണ്ട് അപകടങ്ങൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.