തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മർദിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലേക്ക് കെ.എസ്.യു മാർച്ച്. മാർച്ച് ബാരിക്കേഡുയർത്തി പൊലീസ് തടഞ്ഞു. കെ.എസ്.യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സംഘർഷമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാവിലെ മുതൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് എസ്.എഫ്.ഐ പ്രവർത്തകനായ ഭിന്നശേഷിക്കാരനായ രണ്ടാം വർഷ വിദ്യാർഥിയെ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെ ചേർന്ന് മർദിച്ചത്. വിദ്യാർഥിയെ കോളജിലെ യൂനിയൻ മുറിയിലിട്ട് മർദിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥി എസ്.എഫ്.ഐ നേതാക്കൾക്കെതിരെ പരാതി നൽകി. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ്, സെക്രട്ടറി അടക്കം നാലു പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തെങ്കിലും ഇതുവരെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
ഇതേതുടർന്ന്, പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് കെ.എസ്.യു ഇന്ന് പ്രതിഷേധ മാർച്ച് നടത്തിയത്. എസ്.എഫ്.ഐ നേതാക്കൾ വിദ്യാർഥിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
തോരണം അഴിക്കാൻ മരത്തിൽ കയറാത്തതിന്‍റെ പേരിലാണ് തന്നെ എസ്.എഫ്.ഐ നേതാക്കൾ മർദിച്ചതെന്ന് വിദ്യാർഥി മാധ്യമങ്ങളോട് പ്രതികരിച്ചു. കാലിന് സ്വാധീനമില്ലാത്തതിനാൽ മരത്തിൽ കയറാനാകില്ലെന്ന് പറഞ്ഞതോടെ അസഭ്യം പറഞ്ഞു. തുടർന്ന് യൂനിയൻ റൂമിലേക്ക് കൊണ്ടുപോയി മുഖത്തടിക്കുകയും സ്വാധീമില്ലാത്ത കാലിൽ ഷൂസിട്ട് ചവിട്ടി ഞെരിക്കുകയും ചെയ്തു -വിദ്യാർഥി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.