തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പഠനക്യാമ്പിലെ കൂട്ടത്തല്ലില്‍ നാലുപേരെ സസ്പെൻഡ് ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ല സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് അല്‍ അമീന്‍ അഷ്‌റഫ്, ജില്ല ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവർക്കാണ് സസ്പെൻഷൻ.
ക്യാമ്പില്‍ വാക്കുതർക്കവും കൈയാങ്കളിയും ഉണ്ടാക്കിയതിനാണ് അല്‍ അമീന്‍ അഷറഫ്, ജെറിന്‍ ആര്യനാട് എന്നിവർക്കെതിരായ നടപടി. കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങൾക്ക് നല്‍കിയതാണ് അനന്തകൃഷ്ണനും ആഞ്ചലോ ജോര്‍ജിനുമെതിരായ ആരോപണം. കെ.പി.സി.സി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നാലുപേരുടെയും പ്രവർത്തനം സംസ്ഥാന കമ്മിറ്റിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി സമ്പത്ത് കുമാര്‍ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദമായ സംഘടനാതല അന്വേഷണം നടത്താനും തീരുമാനമുണ്ട്.
നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന തെക്കൻ മേഖലാ ക്യാമ്പിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പാർട്ടിയിലെ ഗ്രൂപ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. നടപടി നേരിട്ടവരിൽ സംഘർഷത്തിലുൾപ്പെട്ട ഇരുവിഭാഗത്തിലും പെട്ടവരുണ്ട്. ഒരു വിഭാഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും മറുവിഭാഗം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനുമായും അടുപ്പം പുലർത്തുന്നവരാണ്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധുവിനും എ.എം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതലയുള്ള എ.കെ ശശി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.