കൊടിയ ജാതിവിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് കെ. സുധാകരൻ, `സവര്‍ണര്‍ ‘ഹോയ് ഹോയ്’ എന്നു വിളിച്ചു പോകുമ്പോള്‍ വഴിമാറി കൊടുക്കേണ്ടി വന്നു'

തിരുവനന്തപുരം: കൊടിയ ജാതിവിവേചനം നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കണ്ണൂര്‍ എടക്കാട് അമ്പലത്തിനു മുന്നിലൂടെ സവര്‍ണര്‍ ‘ഹോയ് ഹോയ്’ എന്നു വിളിച്ചു പോകുമ്പോള്‍ വഴിമാറി കൊടുക്കേണ്ടി വന്നു. കളിച്ചുകൊണ്ടിരുന്നയിടുത്തുനിന്നു പോകേണ്ട സാഹചര്യവുമുണ്ടായി.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ചരിത്ര കോണ്‍ഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കല്‍ കൂട്ടുകാരനൊപ്പം അവന്റെ ഇല്ലത്തു പോയപ്പോള്‍ ഉമ്മറത്ത്​ നിന്നാല്‍ മതിയെന്നു കാരണവര്‍ പറഞ്ഞതു കേട്ട് തലതാഴ്ത്തി ഇറങ്ങിപ്പോന്നിട്ടുണ്ട്. ഇങ്ങനെയൊരു ഭൂതകാലം കേരളത്തിനുണ്ടെന്ന് പുതിയ തലമുറക്ക്​ അറിയില്ല. നാം ഇപ്പോള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ എങ്ങനെ കൈവന്നുവെന്ന് പുതിയ തലമുറ അറിയേണ്ടതുണ്ട്​. ആധുനിക കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ-സാമൂഹിക മുന്നേറ്റമാണ് വൈക്കം സത്യഗ്രഹം. നൂറു വര്‍ഷം പിന്നിടുമ്പോഴും വൈക്കം സത്യഗ്രഹം പോലുള്ള നൂറുകണക്കിനു സമരങ്ങള്‍ നയിക്കേണ്ട സാഹചര്യമാണുള്ളത്​. ജുഡീഷ്യറിയിലും സര്‍ക്കാര്‍ ജോലികളിലും മാധ്യമരംഗത്തും ഇന്നും ദലിത്​ പ്രാതിനിധ്യം മരീചികയാണെന്ന്​ അദ്ദേഹം പറഞ്ഞു.

ജാതിയെ മറികടക്കാന്‍ ജാതിസെന്‍സസ് അനിവാര്യമാണെന്ന്​ സെമിനാർ ഉദ്​ഘാടനം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ. രാജു പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ പാരമ്പര്യമെന്നും ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഹൈന്ദവ പാരമ്പര്യമല്ല ഇന്ത്യയുടേതെന്നും മുഖ്യപ്രഭാഷണത്തിൽ വി.ഡി. സതീശന്‍ പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്‍. ശക്തന്‍, രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, സുകുമാരന്‍ മൂലേക്കാട്, വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി.പി. സജീന്ദ്രന്‍, കണ്‍വീനര്‍ എം. ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല എന്നിവര്‍ സംസാരിച്ചു. വൈക്കം സത്യഗ്രഹ സമരചരിത്രത്തെക്കുറിച്ച് ഗ്രന്ഥം എഴുതിയ ബി.എസ്. ബാലചന്ദ്രനെ ആദരിച്ചു.

Tags:    
News Summary - K.Sudhakaran has experienced severe caste discrimination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.