കോട്ടയം: മാസപ്പടി വാങ്ങിയതിലും കൈതോലപായയിൽ പണം കടത്തിയതിലും കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മാസപ്പടി വാങ്ങിയ കമ്പനിയിൽ നിന്നും തന്നെയാണ് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി പി.രാജീവ് കൈതോലപായയിൽ പണം കടത്തിയതെന്ന ദേശാഭിമാനിയുടെ മുൻ എഡിറ്റർ ജി.ആർ ശക്തിധരന്റെ ആരോപണം ഗുരുതരമാണ്.
ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്ന് കോട്ടയം മണർക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ മുതൽ പിണറായി വിജയൻ ശശിധരൻ കർത്തയുടെ കരിമണൽ കമ്പനിയിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് ബോധ്യമായ സാഹചര്യത്തിൽ കേസെടുക്കാൻ പൊലീസ് തയാറാവണം. പണം കടത്തിയത് മന്ത്രി സഭയിലെ ഒരു മന്ത്രിയാണെന്നത് ഗൗരവതരമാണ്.
മന്ത്രിക്കെതിരെ ശക്തിധരൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം ഞെട്ടിക്കുന്നതാണ്. സാക്ഷി തന്നെ ആരോപണം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്. പണം കൈമാറ്റത്തെ പറ്റിയുള്ള ആരോപണം അന്വേഷിക്കാതെ മാറിനിൽക്കാൻ പൊലീസിന് സാധിക്കില്ല. സംസ്ഥാനത്ത് ഭരണനിർവഹണം കൃത്യമായി നടക്കുന്നില്ലെന്നത് ഉറപ്പായിരിക്കുന്നു.
പണം വാങ്ങിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വാങ്ങിയില്ലെങ്കിൽ ശക്തിധരനെതിരെ നിയമനടപടി സ്വീകരിക്കണം. ആരോപണം ഉയർന്നിരിക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്നും തന്നെയാണ്. സി.പി.എമ്മിന്റെ അവഗണിച്ച് രക്ഷപ്പെടുകയെന്ന തന്ത്രം ഇനി നടക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പരിസ്ഥിതി സംബന്ധമായ വ്യവസായം സുഗമമായി നടത്തി കൊണ്ടു പോകാനാണ് പണം നൽകിയതെന്ന് ശശിധരൻ കർത്ത തന്നെ ആദായനികുതി വകുപ്പിനോട് വ്യക്തമാക്കിയിട്ടുണ്ട്. വീണ വിജയനും മുഖ്യമന്ത്രിയും മാസപ്പടി വാങ്ങിയെന്നുള്ളത് രേഖയാണ്. പണം കൊടുത്തയാൾ അത് ആദായനികുതി വകുപ്പിനോട് സമ്മതിച്ചതാണ്. അതേയാളോട് 2.35 കോടി രൂപ മുഖ്യമന്ത്രി വാങ്ങിയെന്നതും മന്ത്രി രാജീവാണ് അതിന് ഇടനിലക്കാരനായതെന്നതും അന്വേഷിക്കാതിരിക്കുന്നത് എങ്ങനെയാണെന്ന് സുരേന്ദ്രൻ ചോദിച്ചു.
കേന്ദ്ര ഏജൻസികൾ അന്വേഷിക്കാനെത്തുമ്പോൾ ഇരവാദം ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കരുത്. വി.ഡി സതീശൻ മുഖ്യമന്ത്രിയെ സഹായിക്കുകയാണ്. അതുകൊണ്ടാണ് സതീശനെതിരെ പുനർജനി തട്ടിപ്പിൽ കേസെടുക്കാത്തത്. മാത്യകുഴൽനാടനെതിരെ അന്വേഷണം നടത്തുന്ന പൊലീസ് സതീശനെതിരെ ഒരു അന്വേഷണവും നടത്താത്തത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് എസും അയർകുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.