ശുഭ്രവസ്ത്രധാരിയായ ആധുനിക സന്യാസിയാണ് ശ്രീ എമ്മെന്ന് കെ.ടി ജലീൽ

കോഴിക്കോട്: മനുഷ്യസ്നേഹത്താൽ വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്രധാരിയായ ആധുനിക സന്യാസിയാണ് ശ്രീ എമ്മെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. സല്‍സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന് സർക്കാർ ഭൂമി നൽകിയത് വിവാദമായിരിക്കെയാണ് കെ.ടി ജലീലിന്‍റെ ഫേസ്ബുക് പോസ്റ്റ്.  ശ്രീ എമ്മിന് യോഗ റിസര്‍ച്ച സെന്‍റര്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നാലേക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയതിനെ ന്യായീകരിച്ചുകൊണ്ടാണ് കുറിപ്പ്. ചിലർ സഖാവ് പിണറായിയോടുള്ള കലിപ്പു തീർക്കാൻ വർഗീയ വിഷം ചീറ്റി അന്തരീക്ഷം മലിനമാക്കുന്നുവെന്നും ജലീല്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ ഒരു യോഗാ കേന്ദ്രം തുടങ്ങാന്‍ ആവശ്യമായ സ്ഥലം ശ്രീ എമ്മിന് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചതിനെ എന്തോ അരുതാത്ത മഹാപാപമായി ചില വര്‍ഗീയ ശക്തികള്‍ ദുഷ്പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രതികരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആരാണ് ശ്രീ എം?

————————————-

"ശ്രീ എം എന്ന മുംതാസ് അലി ഖാൻ കന്യാകുമാരി മുതൽ കാശ്മീർ വരെ ഒരു പദയാത്ര നടത്തിയിരുന്നു. മനുഷ്യ മനസ്സുകളെ കോർത്തിണക്കലായിരുന്നു യാത്രയുടെ ലക്ഷ്യം. കക്ഷിരാഷ്ട്രീയം മറന്നാണ് ശ്രീ എമ്മിനെ നാട് വരവേറ്റത്. സത്രങ്ങളിലും ക്ഷേത്രങ്ങളിലും ദർഗ്ഗകളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമായിരുന്നു പദയാത്രക്കിടയിലെ അദ്ദേഹത്തിൻ്റെയും സഹയാത്രികരുടെയും വിശ്രമവും അന്തിയുറക്കവും. മാസങ്ങൾ എടുത്താണ് യാത്ര കാശ്മീരിലെത്തിയത്.

അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ വായിച്ചപ്പോഴും പരിചയപ്പെട്ട് സംസാരിച്ചപ്പോഴും മത-ജാതി-വർഗ്ഗ- വർണ്ണ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യനെ കാണാൻ ശ്രമിക്കുന്ന ദർശനമാണ് അദ്ദേഹത്തിൻ്റേതെന്നാണ് എനിക്ക് തോന്നിയത്. ആ തോന്നൽ ഇ.ടി. മുഹമ്മദ് ബഷീർ സാഹിബിനും കെ.എൻ.എ ഖാദറിനും മറ്റു പല ലീഗ് ജനപ്രതിനിധികൾക്കും ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ സ്വീകരിക്കാനും പ്രകീർത്തിച്ച് സംസാരിക്കാനും അവർ തയ്യാറായത്.

തവനൂർ വൃദ്ധസദനത്തിലാണ് ശ്രീ എമ്മിൻ്റെ കാൽനട യാത്രക്ക് എടപ്പാൾ മേഖലയിലെ സ്വീകരണമൊരുക്കിയിരുന്നത്. സ്ഥലം എം.എൽ.എ എന്ന നിലയിൽ ഞാനാണ് അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചത്. സൂഫിസവും ഭക്തി പ്രസ്ഥാനവും ശ്രീ എമ്മിൻ്റെ ചിന്തകളിൽ സമന്വയിച്ചതായാണ് അദ്ദേഹത്തിൻ്റെ പ്രഭാഷണം ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലായത്. എല്ലാ അർത്ഥത്തിലും മനുഷ്യസ്നേഹത്താൽ വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്ര ധാരിയായ ആധുനിക സന്യാസിയെന്ന് ശ്രീ എമ്മിനെ ഒരു വാചകത്തിൽ വിശേഷിപ്പിക്കാം.

ഇത്രയും പറഞ്ഞത്, സംസ്ഥാന സർക്കാർ ഒരു യോഗാ കേന്ദ്രം തുടങ്ങാൻ ആവശ്യമായ സ്ഥലം ശ്രീ എമ്മിന് പാട്ടത്തിന് നൽകാൻ തീരുമാനിച്ചതിനെ എന്തോ അരുതാത്ത മഹാപാപമായി ചില വർഗീയ ശക്തികൾ ദുഷ്പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ്. ഇല്ലാത്ത ലേബൽ ആരും ആർക്കും ദയവു ചെയ്ത് ചാർത്തിക്കൊടുക്കരുത്. മനുഷ്യർ ഐക്യപ്പെട്ട് ജീവിക്കുന്ന മണ്ണിൽ സഖാവ് പിണറായിയോടുള്ള കലിപ്പു തീർക്കാൻ വർഗീയ വിഷം ചീറ്റി അന്തരീക്ഷം മലിനമാക്കരുത്. സ്നേഹിച്ചും കളിച്ചും ചിരിച്ചും ഉല്ലസിച്ചും സല്ലപിച്ചും മനുഷ്യർ ഈ നാട്ടിൽ ജീവിച്ച് പൊയ്ക്കോട്ടെ."

Full View

Tags:    
News Summary - KT Jaleel says that Sree M is a modern saint iwith white dress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.