തിരുവനന്തപുരം: തർക്കവും വിവാദവും രൂക്ഷമായതിന് പിന്നാലെ കെ.ടി.ഡി.എഫ്.സി ചെയര്മാൻ സ്ഥാനത്തുനിന്ന് ബി. അശോകിനെ മാറ്റി. ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി സി.എം.ഡിയുമായ ബിജു പ്രഭാകറിനാണ് പകരം ചുമതല. വായ്പയും തിരിച്ചടവും സംബന്ധിച്ച് കെ.എസ്.ആര്.ടി.സിയും കെ.ടി.ഡി.എഫ്.സിയുമായി തര്‍ക്കം നിലനിന്നിരുന്നു. ഇത് പരസ്യ വാദ-പ്രതിവാദത്തിനും ഇടയാക്കിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം കോടതിയിൽനിന്ന് ഉണ്ടായ പരാമർശവും മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാന്‍ കഴിയാത്തവിധം സാമ്പത്തിക പ്രതിസന്ധിയിലാണ് കെ.ടി.ഡി.എഫ്.സി. കെ.എസ്.ആർ.ടി.സിയെ സഹായിക്കാൻ സഹകരണ ബാങ്കുകളില്‍നിന്ന് കടമെടുത്ത് നൽകിയ വായ്പ തിരിച്ചടവില്ലാതെ കുടിശ്ശികയായിരുന്നു. കാലാവധി പൂര്‍ത്തിയായ 490 കോടി രൂപയുടെ നിക്ഷേപം കെ.ടി.ഡി.എഫ്.സി തിരികെ നല്‍കാനുണ്ട്. ഇതിന് പ്രായോഗിക പരിഹാരം കാണുകയും തര്‍ക്കങ്ങള്‍ ഒഴിവാക്കുകയും ചെയ്യാൻ ലക്ഷ്യമിട്ടാണ് കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ക്ക് കെ.ടിഡി.എഫ്.സിയുടെ ചെയര്‍മാന്റെ ചുമതലയും നല്‍കിയത്.
കെ.എസ്.ആര്.ടി.സി 400 കോടി രൂപ നല്‍കാനുണ്ടെന്നാണ് കെ.ടി.ഡി.എഫ്.സി പറയുന്നത്. ഇക്കാര്യം പരസ്യമാക്കി അശോക് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് കെ.എസ്.ആര്.ടി.സി എം.ഡി മറുപടിയും നല്കി. ഇതോടെയാണ് തര്‍ക്കം പരസ്യമായത്. ബി. അശോക് രണ്ടരവര്‍ഷമായി കെ.ടി.ഡി.എഫ്.സി ചെയര്‍മാന്റെ അധിക ചുമതല വഹിക്കുകയായിരുന്നു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുമാണ് അദ്ദേഹം. ഒഴിവാക്കണമെന്ന് അശോകും സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി അറിയുന്നു.
കെ.ടി.ഡി.എഫ്.സിയുടെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയാത്തവിധം സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കാണിച്ച് ധനവകുപ്പ് കഴിഞ്ഞദിവസം ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്നായിരുന്നു ഇതില്‍ കോടതിയുടെ ചോദ്യം. സര്‍ക്കാറിന് നാണക്കേടുണ്ടാക്കിയ ഈ സാഹചര്യംകൂടിയാണ് അടിയന്തര മാറ്റത്തിന് വഴിയൊരുക്കിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.