കെ-ടെറ്റ് മാര്‍ക്കിളവ്: വിദ്യാഭ്യാസ വകുപ്പിന്‍െറ നിലപാട് പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടി

കല്‍പറ്റ: വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അധ്യാപക നിയമനത്തിനുള്ള യോഗ്യത നിര്‍ണയ കെ-ടെറ്റ് പരീക്ഷയില്‍ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മാര്‍ക്കിളവ് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ അയോഗ്യരാക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ഒ.ബി.സി, അംഗപരിമിതര്‍ എന്നിവരെയാണ് മതിയായ മാര്‍ക്ക് നേടിയിട്ടും, മാര്‍ക്കിളവിന് ഉത്തരവുണ്ടായിട്ടും അയോഗ്യരാക്കുന്നത്. 150 മാര്‍ക്കിനുള്ള പരീക്ഷയില്‍ വിജയിക്കണമെങ്കില്‍ ആകെ മാര്‍ക്കിന്‍െറ 60 ശതമാനം വേണം.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ഒ.ബി.സി, അംഗപരിമിതര്‍ എന്നിവര്‍ക്ക് അഞ്ചു ശതമാനം മാര്‍ക്കിളവ്  അനുവദിച്ചിട്ടുണ്ട്. ആനുകൂല്യമുള്ളവര്‍ക്ക് 82.5 മാര്‍ക്ക് ലഭിച്ചാല്‍ വിജയിക്കാനാവും. എന്നാല്‍, ഇളവെന്നത് 90 മാര്‍ക്കിന്‍െറ അഞ്ചു ശതമാനം എന്നാക്കി തെറ്റായി വ്യാഖ്യാനിക്കുകയും 85.5 മാര്‍ക്ക് വേണമെന്ന് നിഷ്കര്‍ഷിക്കുകയുമാണത്രെ. അതായത്, 57 ശതമാനം. ഇതിനാല്‍ മിനിമം യോഗ്യത മാര്‍ക്കില്‍ 7.5 മാര്‍ക്കിന്‍െറ ഇളവിന് പകരം  4.5 ആയി കുറയുന്നു. മൂന്നു മാര്‍ക്ക് അധികമായി നേടിയാലേ പിന്നാക്കക്കാര്‍ക്ക് വിജയിക്കാനാവൂ.

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സിടെറ്റ് പരീക്ഷയില്‍ ജനറല്‍ വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക്  150 മാര്‍ക്കിന്‍െറ 60 ശതമാനമായ 90 മാര്‍ക്കും  മാര്‍ക്കിളവ് ആനുകൂല്യമുള്ളവര്‍ക്ക്  55 ശതമാനമായ 82.5 മാര്‍ക്കും ലഭിച്ചാല്‍ വിജയിക്കാനാവും. സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് ഇതേ പരീക്ഷയായ  കെ-ടെറ്റ് നടത്തുമ്പോള്‍  മാര്‍ക്കിളവ് ആനുകൂല്യമുള്ളവര്‍ക്ക്  വിജയിക്കാനായി  85.5  മാര്‍ക്ക് വേണ്ടിവരുന്നു.

2014 ല്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയില്‍ രണ്ടു മാര്‍ക്കിന്‍െറ ചോദ്യം ഒഴിവാക്കിയിരുന്നു. ജനറല്‍ വിഭാഗത്തിന് മാര്‍ക്കിളവ് നല്‍കിയെങ്കിലും ആനുകൂല്യം നല്‍കേണ്ട വിഭാഗത്തിന് ആനുപാതിക മാര്‍ക്കിളവ് നിഷേധിച്ചു. സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ വിവരാവകാശം പ്രകാരമുള്ള മറുപടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ഒ.ബി.സി, അംഗപരിമിതര്‍ എന്നിവര്‍ക്ക് അഞ്ചു ശതമാനം  മാര്‍ക്കിളവ് ഉണ്ടെന്നും 55 ശതമാനം മാര്‍ക്ക് ലഭിക്കുന്ന മേല്‍ സൂചിപ്പിച്ച വിഭാഗങ്ങളിലെ പരീക്ഷാര്‍ഥികള്‍ വിജയിക്കുമെന്നും മറുപടി നല്‍കിയിട്ടുണ്ട്. ഇതംഗീകരിക്കാന്‍പോലും വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ളെന്നാണ് ആക്ഷേപം.

Tags:    
News Summary - ktet education sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.