തിരുവനന്തപുരം: യു.ജി.സി റെഗുലേഷനിലെ അവ്യക്തത ആയുധമാക്കി എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാലയിൽ (കെ.ടി.യു) സ്ഥിരം വൈസ് ചാൻസലർ നിയമനത്തിന് ചാൻസലറായ ഗവർണറെ മറികടന്ന് സെർച് കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവ്. നിയമസഭക്ക് നിയമനിർമാണത്തിന് അധികാരമുള്ള കാര്യങ്ങളിൽ സംസ്ഥാനത്തിന് എക്സിക്യുട്ടിവ് അധികാരം വിനിയോഗിക്കാമെന്ന ഭരണഘടനയുടെ 162ാം ആർട്ടിക്കിൾ ഉപയോഗിച്ചാണ് സെർച് കമ്മിറ്റി രൂപവത്കരിച്ച് ഉത്തരവിറക്കിയത്.
യു.ജി.സി ചെയർമാൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ൈവസ് ചെയർമാൻ എന്നിവരുടെ പ്രതിനിധികൾ, സാേങ്കതിക സർവകലാശാല സിൻഡിക്കേറ്റിന്റെ പ്രതിനിധി, സംസ്ഥാന സർക്കാറിന്റെ രണ്ടു പ്രതിനിധികൾ എന്നിവരായിരിക്കും സെർച് കമ്മിറ്റിയിലുണ്ടാവുകയെന്ന് ഉത്തരവിൽ പറയുന്നു. ഇതിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാന്റെ പ്രതിനിധിയുടെ പേരും സർവകലാശാല സിൻഡിക്കേറ്റ് പ്രതിനിധിയുടെ പേരും ഇതിനകം ലഭിച്ചതായും യു.ജി.സി ചെയർമാന്റെ പ്രതിനിധിയുടെ പേര് ചാൻസലറുടെ ഒാഫിസിനെയും അറിയിച്ചതായും ഉത്തരവിലുണ്ട്. യു.ജി.സി ചെയർമാന്റെ പ്രതിനിധിയുടെ പേര് സർക്കാറിന് ലഭിക്കുന്ന മുറക്ക് സെർച് കമ്മിറ്റി അംഗങ്ങളുടെ പേര് വിവരം പ്രത്യേകം ഉത്തരവായി ഇറക്കും.
സെർച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ആരാണെന്ന് യു.ജി.സി റെഗുലേഷനിലോ സർവകലാശാല നിയമത്തിലോ വ്യക്തമാക്കിയിട്ടില്ല. ഇൗ സാഹചര്യത്തിൽ വി.സി നിയമന നടപടികളിലെ ശൂന്യത ഒഴിവാക്കാനായി സർക്കാർ മുൻകൈയെടുത്ത് സെർച് കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിക്കുകയും ഇതിലേക്ക് ആവശ്യമായ പ്രതിനിധികളെ ആവശ്യപ്പെടുകയും ചെയ്തെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സാേങ്കതിക സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജിഗോപിനാഥിെൻറ കാലാവധി രണ്ടു മാസത്തിനകം അവസാനിക്കാനിരിക്കെയാണ് സർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.