തിരുവനന്തപുരം: നിതി ആയോഗിന്റെ കണക്കുകള്‍പ്രകാരം ദാരിദ്ര്യത്തിന്റെ കുറവ് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമെന്ന് മന്ത്രി എം.ബി. രാജേഷ്. തിരികെ സ്കൂളിൽ കാമ്പയിനിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ അതിദരിദ്രരുടെ പട്ടികയില്‍നിന്ന് 47.9 ശതമാനം പേരെ ദാരിദ്ര്യമുക്തമാക്കാന്‍ കഴിഞ്ഞു. 2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇതില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ദാരിദ്ര്യ നിര്മാര്ജനത്തില്നിന്ന് വരുമാനവര്ധനയിലേക്ക് എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ഏറ്റവും വലിയ പരിശീലന കാമ്പയിൻ എന്ന വിഭാഗത്തില്‍ ലഭിച്ച ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് ലോക റെക്കോഡുകളുടെ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍, ‘തിരികെ സ്കൂളില്‍’' സുവനീര്‍ പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജാഫര്‍ മാലിക് അധ്യക്ഷത വഹിച്ചു.
അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് തിരികെ സ്കൂളില്‍ കാമ്പയിന് വിജയിപ്പിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ല മിഷനുകള്‍ക്കുള്ള ആദരം നല്കി.
തദ്ദേശ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ഗീത നസീര്‍, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് പ്രതിനിധി വിവേക് നായര്‍, കൗണ്‍സിലര്‍ എസ്. സതികുമാരി, സി.ഡി.എസ് അധ്യക്ഷമാരായ സിന്ധു ശശി, വിനീത, ഷൈന, ബീന എന്നിവര്‍ പങ്കെടുത്തു. തൊളിക്കോട് സി.ഡി.എസ് അധ്യക്ഷ ഷംന നവാസ് സ്വാഗതവും കഞ്ഞിക്കുഴി സി.ഡി.എസിലെ ജ്യോതി ഓക്സിലറി ഗ്രൂപ് അംഗം ആര്യ എസ്. ശാന്തി നന്ദിയും പറഞ്ഞു.
38,70,794 അയൽക്കൂട്ടാംഗങ്ങളാണ് തിരികെ സ്കൂളിൽ കാമ്പയിനിൽ പങ്കാളികളായത്. 2023 ഒക്ടോബര്‍ ഒന്നിനും 2023 ഡിസംബര്‍ 31നും ഇടയിലുള്ള പൊതു അവധി ദിനങ്ങളിലായി സ്കൂളുകളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.