ഫറോക്ക്: വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറുന്ന കുടുംബശ്രീയുടെ പൊൻതൂവലായി നിലകൊള്ളുന്നു ചെറുവണ്ണൂർ നിർമാല്യം ഗോൾഡ്. വീട്ടമ്മമാർക്ക് വ്യത്യസ്ത മേഖലയിൽ തൊഴിലും വരുമാനവുമെന്ന ആശയവുമായി 2008ൽ സ്ഥാപിതമായ നിർമാല്യം വളർച്ചയുടെ പാതയിൽ ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. അന്നത്തെ ചെറുവണ്ണൂർ പഞ്ചായത്തിൽ പെട്ട 13, 16 വാർഡുകളിലുള്ള എട്ട് കുടുംബശ്രീ അംഗങ്ങൾ ചേർന്നായിരുന്നു തുടക്കമിട്ടത്.
പഞ്ചായത്ത് അംഗമായിരുന്ന ടി. ശിവദാസനായിരുന്നു ആഭരണ നിർമാണ യൂനിറ്റെന്ന ആശയം മുന്നോട്ടുവെച്ചതെന്ന് കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളും വിപണന സാധ്യതകളും വിശദമായി പഠിച്ച് വിഷയം കുടുംബശ്രീ ജില്ല മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയായിരുന്നു. പദ്ധതി രേഖക്ക് ജില്ല മിഷൻ രൂപം നൽകിയതോടെ നിർമാല്യം യാഥാർഥ്യമായി. 9.75 ലക്ഷമായിരുന്നു പ്രാരംഭ നീക്കിയിരിപ്പ്. നാലു ലക്ഷം സബ്സിഡി, നാലു ലക്ഷം ബാങ്ക് വായ്പ. ഇതിൽ 5.25 ലക്ഷം നിർമാണ സാമഗ്രികൾക്ക് വേണ്ടി വന്നു. അഞ്ചു വർഷം കൊണ്ട് അടച്ചുതീർക്കേണ്ട വായ്പ മൂന്നു വർഷത്തിനകംതന്നെ തീർത്തു.
കോവിഡ് കാലത്ത് രണ്ടു വർഷം പൂർണമായും അടച്ചിടേണ്ടിവന്നതിനാൽ നിർമാണ സാമഗ്രികൾ തുരുമ്പെടുത്തു. ഇതെല്ലാം മാറ്റേണ്ടി വന്നിട്ടുണ്ട്. തുടക്കത്തിൽ ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങളായിരുന്നു നിർമിച്ചിരുന്നത്. പിന്നീട് നിർത്തി. സ്വർണത്തിന് വില കൂടിയതായിരുന്നു പ്രശ്നം.
ഇടനിലക്കാരോ ഏജൻറുമാരോ ഇല്ല. ഉപഭോക്താക്കൾക്ക് നേരിട്ടു നൽകുന്നു. അവരുടെ ആവശ്യങ്ങളും നിർദേശങ്ങളും മുഖവിലക്കെടുത്താണ് തങ്ങൾ മുന്നേറ്റം നടത്തുന്നതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. കൂടരഞ്ഞി, മുക്കം, കൊടുവള്ളി, ചാത്തമംഗലം, പെരുവയൽ പ്രദേശങ്ങളിലെ കുടുംബശ്രീ അംഗങ്ങൾ മുഖേന മാത്രമേ വിൽപനയുള്ളൂ.
ആറു മാസം ഗാരന്റി ആഭരണങ്ങളാണ് നിർമിക്കുന്നത്. ആഭരണങ്ങളുടെ ഗോൾഡ് പ്ലേറ്റിങ്ങാണ് ഇവിടെ പ്രധാനമായും ചെയ്യുന്നത്. ഇതിനായുള്ള ബ്ലാക്ക് മെറ്റൽ, സ്വർണ പൊടി എന്നിവ കോഴിക്കോട്, തൃശൂർ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്നു. സാങ്കേതിക മികവോടെ ചെയ്യാൻ സാധിക്കുന്നതിനാൽ ആഭരണങ്ങൾക്ക് ഗുണമേന്മ ഉറപ്പുനൽകാൻ കഴിയുന്നു. മറ്റുപല കാരണങ്ങൾ കൊണ്ട് അഞ്ചു പേർ ഒഴിഞ്ഞു. ഇപ്പോൾ മൂന്ന് അംഗങ്ങൾ മാത്രം. എൻ. നിർമല, സി. രഞ്ജിനി, കെ. സുലോചന. തുടക്കം മുതൽ ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഇവർ പറയുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.