കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് : പത്താം വാര്‍ഷികാഘോഷം വിതുരയില്‍ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അതിജീവിതകള്‍ക്ക് ആഭയവും കരുത്തുമായി പ്രവര്‍ത്തിച്ചുവരുന്ന കുടുംബശ്രീ 'സ്‌നേഹിത' ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് പത്താം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികാഘോഷങ്ങളുടെ ഉത്ഘാടനം മന്ത്രി എം.ബി.രാജേഷ് ഒക്ടോബര്‍ 10ന് രാവിലെ 10ന് വിതുരയില്‍ നിര്‍വഹിക്കും.

സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ എക്‌ന്‍െഷന്‍ സെന്ററായ മിനി സ്‌നേഹിത പ്രവര്‍ത്തിച്ചു വരുന്ന വിതുര ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിക്കും. സ്‌നേഹിതയുടെ കീഴിലെ കാലോ ക്ലബ്ബിന്റെ ലോഗോ അടൂര്‍ പ്രകാശ് എം.പിയും ഫോര്‍ യു മംമ സപ്പോര്‍ട്ട് സെല്ലിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാറും ചടങ്ങില്‍ പ്രകാശനം ചെയ്യും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിക്കും.

2013 ല്‍ തിരുവനന്തപുരം ജില്ലയിലാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതോടൊപ്പം എറണാകുളം, മലപ്പുറം ജില്ലകളിലും പദ്ധതി ആരംഭിച്ചു. പിന്നീട് 2015ല്‍ വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലും 2016ല്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായും സ്‌നേഹിത പ്രവര്‍ത്തനം തുടങ്ങി.

പ്രശ്‌നങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുന്ന സ്ത്രീകള്‍ക്ക് 24 മണിക്കൂറും ആശ്രയിക്കാവുന്ന അഭയകേന്ദ്രമായി സ്‌നേഹിത മാറിയതോടെ 2017 ഒക്ടോബറോടു കൂടി ബാക്കി ജില്ലകളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു നേരെ തുറന്നുവച്ച കണ്ണും കാതും അഭയകേന്ദ്രവുമായ സ്‌നേഹിതയിലേക്ക് ഇക്കാലമെത്തിയത് 50457 കേസുകള്‍. ഏറെയും ഗാര്‍ഹിക പീഡനം, സ്ത്രീധനം, കുടുംബ-ദാമ്പത്യ പ്രശ്‌നങ്ങള്‍, കൗമാരപ്രായക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവ. ഇതില്‍ 8362 പേര്‍ക്ക് താല്‍ക്കാലിക അഭയവും നല്‍കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമ വൈദ്യ സഹായം, 24 മണിക്കൂര്‍ ടെലി കൗണ്‍സിലിങ്ങ്, താല്‍ക്കാലിക താമസ സൗകര്യം, അവശ്യ സഹായ സംവിധാനങ്ങളുടെ പിന്തുണ, വിവിധ വകുപ്പുകളുമായി ചേര്‍ന്നുളള പുനരധിവാസം, ലിംഗസമത്വത്തിനു വേണ്ടിയുള്ള ഇടപെടലുകള്‍, ഉപജീവനം, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയാണ് സ്‌നേഹിത വഴി ലഭ്യമാക്കുന്ന മുഖ്യസേവനങ്ങള്‍. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, പോലീസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയുടെ പിന്തുണയോടെയാണ് സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍. നിയമാവബോധ ക്‌ളാസുകള്‍ നല്‍കുന്നതിനാല്‍ കൂടുതല്‍ പേര്‍ അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കാനും പരാതിപ്പെടാനും തയ്യാറായി മുന്നോട്ടു വരുന്നുണ്ട്.

രണ്ട് കൗണ്‍സിലര്‍മാര്‍, അഞ്ച് സര്‍വീസ് ദാതാക്കള്‍, ഓഫീസ് അസിസ്റ്റന്റ്, ഒരു കെയര്‍ ടേക്കര്‍, രണ്ട് സെക്യൂരിറ്റി എന്നിങ്ങനെ പതിനൊന്ന് ജീവനക്കാര്‍ സ്‌നേഹിതയുടെ എല്ലാ ഓഫീസിലുമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌നേഹിതയിലേക്ക് ഏതു സമയത്തും വിളിച്ച് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേകമായി ടോള്‍ ഫ്രീ നമ്പരുമുണ്ട്. കൂടാതെ സംസ്ഥാനതലത്തില്‍ പൊതുവായി 155339 എന്ന ടോള്‍ ഫ്രീ നമ്പറും.

വിദ്യാർഥികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനും സംസ്ഥാനത്തെ 280 സ്‌കൂളുകളില്‍ സ്‌നേഹിത @ സ്‌കൂള്‍ എന്ന പേരിലും സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ സേവനങ്ങള്‍ നല്‍കി വരുന്നു. കുട്ടികള്‍ക്ക് പരീക്ഷാഭയം മാറ്റുന്നതിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമുള്ള കൗണ്‍സലിങ്ങ്, ഗ്രൂപ്പ് കൗണ്‍സലിങ്ങ്, കരിയര്‍ ഗൈഡന്‍സ് ക്‌ളാസുകള്‍ എന്നിവയാണ് നിലവില്‍ നല്‍കി വരുന്ന സേവനങ്ങള്‍.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. പ്രാദേശിക തലത്തില്‍ സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനും ആവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി സംസ്ഥാനത്ത് 824 ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളും വാര്‍ഡു തലത്തില്‍ 19117 വിജിലന്റ് ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നു. 

Tags:    
News Summary - Kudumbashree Snehita Gender Help Desk: MB Rajesh will inaugurate the 10th anniversary celebration at Vitura.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.