തൃശൂർ: കുടുംബശ്രീക്ക് ഇനി കുടുംബമായിത്തന്നെ പോകാം. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കുടുംബശ്രീയിൽ അംഗങ്ങളാകാം. നിലവിൽ കുടുംബത്തിൽനിന്ന് ഒരു സ്ത്രീക്ക് മാത്രമാണ് അംഗത്വം. അതുകൊണ്ടുതന്നെ പലർക്കും ഇൗ സംവിധാനത്തിൽ അവസരം നഷ്ടമാകുന്നുണ്ട്. ഇതിന് പരിഹാരമായി വിവിധ സംഘങ്ങളായി മാറുകയാണ് കുടുംബശ്രീ. പ്രായമായവർ, യുവതികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ തുടങ്ങിയ കൂട്ടായ്മകൾ ഉൾപ്പെടുന്ന രീതിയിലേക്ക് കുടുംബശ്രീ മാറും. സംസ്ഥാനത്ത് 2,77,175 അയൽക്കൂട്ടങ്ങളിലായി 43 ലക്ഷത്തിലധികം വനിതകൾ കുടുംബശ്രീയിൽ അംഗങ്ങളാണ്. എല്ലാ യൂനിറ്റിലും വിവിധ വിഭാഗങ്ങളുെട കൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം.
പ്രായമായവർക്ക് ഒന്നിച്ചിരിക്കാനും വിശ്രമിക്കാനും മറ്റും അവസരം ഒരുക്കുന്ന വിധത്തിൽ അവരുടെ കൂട്ടായ്മ മാറും. ബാലസഭ കുട്ടികളെ കൂടുതൽ കാര്യപ്രാപ്തി ഉള്ളവരാക്കാനും ജനാധിപത്യ സംവിധാനത്തെക്കുറിച്ച് ബോധവാന്മാരാക്കാനും പ്രവർത്തിക്കും. ഇതിനകം 4,500 ബാലസഭകൾ രൂപവത്കരിച്ചു. കുട്ടികളുടെ അയൽക്കൂട്ടം ആഴ്ചതോറും യോഗം ചേരുകയും തങ്ങൾക്ക് പരിചിതമായ പ്രശ്നങ്ങൾ ചർച്ചചെയ്യുകയും ചെയ്യുന്നുണ്ട്. ഓരോ ബാലസമിതിയിലെയും ആൺകുട്ടിയും പെൺകുട്ടിയും അവരുടെ ബാലസഭയെ പ്രതിനിധാനം ചെയ്ത് പഞ്ചായത്ത് തലത്തിൽ യോഗം ചേരുകയും ഭരണസംവിധാനത്തിെൻറ ശ്രദ്ധ ക്ഷണിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. ഇതിെൻറ ഭാഗമായി തൃശൂർ ജില്ലാതല യോഗം പീച്ചിയിൽ ചേർന്നിരുന്നു.
പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും പ്രത്യേക വിഭാഗങ്ങളായി അയൽക്കൂട്ടം രൂപവത്കരിക്കുന്നതിലൂടെ ഇവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനുമുള്ള പ്രവർത്തനം ത്വരിതപ്പെടുത്താൻ വഴിയൊരുക്കുമെന്ന് തൃശൂർ ജില്ല കുടുംബശ്രീ മിഷൻ കോഓഡിനേറ്റർ ജ്യോതിഷ് കുമാർ പറഞ്ഞു. ഭിന്നശേഷിക്കാർക്കും ഭിന്നലിംഗക്കാർക്കും കൂട്ടായ്മ ഒരുക്കുന്നതും പുതിയ ചുവടുവെപ്പാണ്.
ആശ്രയ പദ്ധതി പ്രകാരം മൂന്നുവർഷത്തിനകം സംസ്ഥാനത്തെ അഗതിരഹിതമാക്കാനുള്ള ശ്രമവും കുടുംബശ്രീ നടത്തുന്നുണ്ട്. ഇതിെൻറ ആദ്യപടിയായി തൃശൂർ നടത്തറയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പകൽവീട് നിർമിച്ചിട്ടുണ്ട്. വയോജനങ്ങൾക്ക് ഒഴിവുസമയം െചലവഴിക്കാനും ആരോഗ്യ പരിപാലനത്തിനും ആവശ്യമായ സൗകര്യങ്ങൾ ഇത്തരം കേന്ദ്രങ്ങളിൽ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.