തിരുവനന്തപുരം: ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ സ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലിന് നിയമസഭ മന്ദിരത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണെൻറ ഓഫിസിലെത്തിയാണ് രാജിസമർപ്പിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിയട്ടെയെന്ന് രാജി സ്വീകരിച്ച് സ്പീക്കര്‍ ആശംസിച്ചു. ഡോ. എം.കെ. മുനീർ, വി.കെ. ഇബ്രാഹീംകുഞ്ഞ്, പി. ഉബൈദുല്ല, പി.കെ. ബഷീർ, സി. മമ്മൂട്ടി, കെ.എം. ഷാജി, എൻ.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, പി. അബ്ദുല്‍ ഹമീദ്, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.
ദേശീയതലത്തില്‍ മതനിരപേക്ഷ ഐക്യത്തിന് മുന്‍കൈയെടുക്കുമെന്ന് രാജി നൽകിയശേഷം പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മതനിരപേക്ഷ കക്ഷികളുടെ ഐക്യത്തില്‍ ഇടതുപാര്‍ട്ടികളെ ഉൾപ്പെടുത്തേണ്ടതുണ്ടോയെന്ന കാര്യത്തിൽ കോണ്‍ഗ്രസാണ് അഭിപ്രായം പറയേണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായും ബുധനാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സെക്രേട്ടറിയറ്റിലെ പഴയ നിയമസഭ മന്ദിരത്തിൽ ഇൗമാസം 27ന് ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽക്കൂടി പെങ്കടുത്തശേഷം എം.എൽ.എ സ്ഥാനത്തുനിന്നുള്ള രാജി സമർപ്പിക്കാനാണ് കുഞ്ഞാലിക്കുട്ടി നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ലോക്സഭാംഗമാക്കിക്കൊണ്ടുള്ള വിജ്ഞാപനം ചൊവ്വാഴ്ച പുറപ്പെടുവിച്ച സാഹചര്യത്തിലാണ് രാജിക്കത്ത് സമർപ്പിച്ചത്. രാജിക്കത്ത് കൈമാറിയതിനൊപ്പം മുസ്‌ലിംലീഗ് പാര്‍ലമെൻററി പാര്‍ട്ടി നേതാവായി ഡോ. എം.കെ. മുനീറിനെയും ഉപനേതാവായി വി.കെ. ഇബ്രാഹീംകുഞ്ഞിനെയും സെക്രട്ടറിയായി ടി.എ. അഹമ്മദ് കബീറിനെയും ട്രഷററായി കെ.എം. ഷാജിയെയും തെരഞ്ഞെടുത്ത പാര്‍ട്ടി തീരുമാനം കുഞ്ഞാലിക്കുട്ടി സ്പീക്കര്‍ക്ക് രേഖാമൂലം കൈമാറി. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പകരം എം.കെ. മുനീറിനെ യു.ഡി.എഫ് പാർലമെൻററി പാർട്ടി ഉപനേതാവായി തെരഞ്ഞെടുത്തെന്ന് കാട്ടിയുള്ള പ്രതിപക്ഷനേതാവിെൻറ കത്തും സ്പീക്കർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.