കുന്നംകുളം: നഗരസഭ കൗൺസിൽ യോഗത്തിൽ ആലത്തൂർ എം.പിയെക്കുറിച്ച് ഭരണകക്ഷി അംഗം ഉന്നയിച്ച പരാമർശം ബഹളമയമായി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലെ വാക്കുതർക്കമാണ് ബഹളത്തിൽ കലാശിച്ചത്. ബഹളം ശക്തമായതോടെ യോഗം പിരിച്ചുവിട്ടു. രമ്യ ഹരിദാസ് എം.പി ഇതുവരെ കുന്നംകുളത്തിന് വേണ്ടി വികസന പ്രവൃത്തികള്‍ ഒന്നും ചെയ്തിട്ടില്ലെന്നും കുന്നംകുളത്തെ പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ലെന്നുമുള്ള കൗണ്‍സിലർ എ.എസ്. സുജീഷിന്റെ ആരോപണമാണ് ബഹളത്തിന് തുടക്കമായത്. വാദപ്രതിവാദം ശക്തമായതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായെത്തി.
കോവിഡിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ എം.പി ഫണ്ടുകള്‍ അനുവദിക്കാതിരുന്നതിനാലാണ് രമ്യ ഹരിദാസിന് വികസന പ്രവൃത്തികള്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നതെന്നും സഹകരണ മേഖലയില്‍നിന്ന് പണം തട്ടി ഇ.ഡി അന്വേഷണം നേരിടുന്ന എ.സി. മൊയ്തീന് എം.എല്‍.എക്ക് വികസന പ്രവൃത്തികള്‍ നടത്താന്‍ സാധിക്കുമെന്നും കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചതോടെ വാദപ്രതിവാദം ശക്തമായി. ബഹളം രൂക്ഷമായതോടെ കോൺഗ്രസ് അംഗങ്ങൾ ചെയർപേഴ്സന്റെ ഡയസിനു മുന്നിലെത്തി. ക്ലർക്കിൽനിന്ന് അജണ്ട വാങ്ങി കീറി. ഇതിനിടയിൽ മുദ്രാവാക്യം ഉയർന്നു. ഇതോടെ ചെയർപേഴ്സൻ യോഗം ബെൽ മുഴക്കി പിരിച്ചുവിട്ടു. പിന്നീട് ഭരണപക്ഷം എം.പി രാജിവെക്കണമെന്നും പ്രതിപക്ഷം എം.എൽ.എ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയാണ് ഹാൾ വിട്ടത്.
കുന്നംകുളം ഭാവന തിയറ്ററിന് ലൈസൻസ് നൽകാതെ കഴിഞ്ഞ നാല് മാസമായി നിസ്സാര കാര്യങ്ങൾ ഉന്നയിച്ച് വലക്കുകയാണന്നും സമീപ തോട്ടിലെ മാലിന്യം കിനിഞ്ഞ് തിയറ്റർ പരിസരത്ത് എത്തുന്നതാണ് അനുമതി നൽകാൻ വൈകാൻ കാരണമെന്നും തോട്ടിലെ മാലിന്യം നീക്കം ചെയ്യാൻ നഗരസഭ ആരോഗ്യ വിഭാഗം തയാറാകണമെന്നും കോൺഗ്രസ് അംഗം ഷാജി ആലിക്കൽ വ്യക്തമാക്കി. ടൗൺഹാളിന് മുന്നിൽ അനധികൃത നിർമാണം നടത്തിയ ഇടത്ത് കച്ചവടം നടത്താൻ നഗരസഭ അധികാരികൾ ഒത്താശ നൽകിയെന്ന് പ്രതിപക്ഷ അംഗം ബിജു സി. ബേബി കുറ്റപ്പെടുത്തി. കച്ചവടം നിർത്തിവെക്കാൻ നടപടി കൈകൊള്ളണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. ലെബീബ് ഹസൻ, ടി. സോമശേഖരൻ, കെ.കെ. മുരളി, ഗീത ശശി, ബീന രവി തുടങ്ങിയവർ സംസാരിച്ചു. ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.