പാല: കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് കേരള കോൺഗ്രസ് എമ്മിന് അവകാശപ്പെട്ടതാണെന്ന് ജോസ്.കെ. മാ ണി എം.പി. 2011ലെ തെരഞ്ഞെടുപ്പ് കാലത്ത് പുനലൂർ മണ്ഡലം കോണഗ്രസിന് വിട്ടു കൊടുത്തതിന് പകരം ലഭിച്ചതാണ് കുട്ടന ാട്. കഴിഞ്ഞ തവണത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൻെറ അടിസ്ഥാനത്തിൽ അവിടെ ജോസഫ് ഗ്രൂപ്പിന് മത്സരിക്കാൻ വിട്ടുകൊടുത്തതാണ്. എന്നാൽ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിൻെറ അക്കൗണ്ടിലുള്ളതാണെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർഥി നിർണയത്തിന് തോമസ് ചാഴിക്കാടൻ െചയർമാനായി അഞ്ചംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ജോസ്.കെ. മാണി കൂട്ടിച്ചേർത്തു.
വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിൻെറ സ്വരം മാറ്റത്തിന് പിന്നിൽ ദുഷ്ടലാക്കും രാഷ്ട്രീയവുമുണ്ടെന്ന് ജോസ്.കെ. മാണി ആരോപിച്ചു. വോട്ട് ചെയ്യുകയെന്നത് ജനാധിപത്യ സംവിധാനത്തിൽ ഒരു പൗരൻെറ അവകാശമാണ്. വോട്ട് ചേർക്കാൻ സമയം വേണമെന്നും പണം െചലവാകുമെന്നും പറഞ്ഞ് വോട്ടവകാശം നിഷേധിക്കാൻ പാടില്ല. വോട്ടവകാശം നിഷേധിക്കുന്നത് ജനാധിപത്യത്തെ നിഷേധിക്കലാണെന്നും ജോസ്.കെ. മാണി പറഞ്ഞു.
തെരഞ്ഞെടുപ്പ് വരാനുണ്ടെന്ന് മാസങ്ങൾക്കും വർഷങ്ങൾക്കും മുന്നേ അറിയാവുന്ന കാര്യമാണ്. അതിനുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാന സർക്കാറും തെരഞ്ഞെടുപ്പ് കമ്മീഷനും നേരത്തേ ചെയ്യേണ്ടതായിരുന്നു. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത വ്യക്തിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടില്ല എന്നു പറഞ്ഞാൽ എന്തു ചെയ്യാൻ സാധിക്കും. 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് അത് ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതുമായി ബന്ധപ്പെട്ട് നിയമപരമായി ചെയ്യാവുന്നതെന്താണെന്ന് പഠിച്ച് അതനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.