തിരുവല്ല: ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിന്‍റെ മതിൽ തകർത്ത സംഭവത്തിൽ കുറ്റൂർ പഞ്ചായത്ത് പ്രസിഡന്‍റടക്കം രണ്ട് പേർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു. കേസിൽ ഏഴാം പ്രതിയായ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി സഞ്ചു, നാലാം പ്രതി വിജയകുമാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കെ.ജി. സഞ്ചുവിന്‍റെ നേതൃത്വത്തിൽ മുപ്പതോളം സി.പി.എം പ്രവർത്തകർ തെങ്ങേലി പൂതിരിക്കാട്ട് വീട്ടിൽ രമണനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജെ.സി.ബി ഉപയോഗിച്ച് മതിൽ തകർക്കുകയായിരുന്നു.
സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തിരുന്നു. നാല് പ്രതികൾ റിമാൻഡിലാണ്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
തന്‍റെ വീടിന് പിന്നിലുള്ള ആറ് വീട്ടുകാർക്ക് വേണ്ടി രമണന്‍റെ സ്ഥലത്തുകൂടി നാലടി വഴി നൽകിയിരുന്നു. ഇതിന് ശേഷം ബാക്കിയുള്ള ഭൂമി മതിൽ കെട്ടി തിരിച്ചു. എന്നാൽ, റോഡ് നൽകണമെന്ന് ആവശ്യപ്പെട്ട് ഈ മതിൽ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം ജെ.സി.ബിയുമായി എത്തി പൊളിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.