കോഴിക്കോട്: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുെകാടുക്കുന്നതിനെതിരെ സി.പി.എം ജില്ല കമ്മിറ്റിയിലും വിമർശനം. കുറ്റ്യാടിക്കുപകരം തിരുവമ്പാടി നൽകുന്നതാണ് ഉചിതമെന്ന് യോഗത്തിൽ പലരും ചൂണ്ടിക്കാട്ടി. കുറ്റ്യാടികൂടി ഘടകകക്ഷികൾക്ക് നൽകുന്നതോടെ വടകര താലൂക്കിൽ പാർട്ടിക്ക് സീറ്റുണ്ടാവില്ലെന്നത് സംഘടനാപരമായി ക്ഷീണമുണ്ടാക്കുമെന്നും അംഗങ്ങൾ പറഞ്ഞു. എന്നാൽ, സംസ്ഥാനതലത്തിലാണ് സീറ്റ് വിട്ടുനൽകുന്ന കാര്യത്തിൽ ധാരണയുണ്ടായത് എന്നതിനാൽ ഇക്കാര്യത്തിൽ ഇനി തുടർചർച്ചകളുണ്ടാകാനിടയില്ല.
കുറ്റ്യാടിയിൽ പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ പേരാണ് ഉയർന്നിരുന്നത്. ഇദ്ദേഹം മത്സരിച്ചാൽ സീറ്റ് ലീഗിൽനിന്ന് പിടിച്ചെടുക്കാനാവുമെന്നാണ് മണ്ഡലം കമ്മിറ്റിതന്നെ ചൂണ്ടിക്കാട്ടിയത്. സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള തീരുമാനം വന്നതോടെ മണ്ഡലത്തിലെ ലോക്കൽ കമ്മിറ്റികളിലും കടുത്ത വിമർശനമാണ് ഉയർന്നത്.
സീറ്റ് കൈമാറിയാൽ കെ.പി. കുഞ്ഞമ്മദ്കുട്ടി സ്വതന്ത്രനായി മത്സരിക്കണമെന്നുവെര ഒരുവിഭാഗം ആവശ്യമുന്നയിച്ചിട്ടുമുണ്ട്. കുഞ്ഞമ്മദ് കുട്ടിക്കായി സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും ശക്തമാണ്.
'ഞങ്ങളുടെ സ്ഥാനാർഥി സ. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ' എന്നപേരിൽ വേളത്ത് ഇതിനിടെ ഫ്ലക്സ് ബാനർ ഉയരുകയും ചെയ്തു. അതിനിടെ കഴിഞ്ഞ തവണ കെ.കെ. ലതിക തോറ്റതും മണ്ഡലത്തിൽ സജീവ ചർച്ചയാണിപ്പോൾ.
ലതികയോടുള്ള വ്യക്തിപരമായ എതിർപ്പിെൻറ പേരിൽ വോട്ടുമറിച്ചെന്ന വിമർശനമാണ് ഉയർന്നിരുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് ജില്ല നേതൃത്വം നേരത്തെതന്നെ രണ്ടുതട്ടിലായിരുന്നു.
പുതിയൊരാൾവന്ന് ജയിക്കുന്നതോെട വ്യക്തിപരമായ എതിർപ്പായിരുന്നു പരാജയകാരണമെന്ന വാദത്തിന് ബലമേകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതടക്കം മുൻനിർത്തിയാണ് ജില്ല നേതൃത്വവുമായി ആലോചിക്കാതെ സീറ്റ് വിട്ടുൽകാനുള്ള സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനത്തെ ജില്ല സെക്രട്ടറി പി. മോഹനൻ ഉൾപ്പെടെയുള്ളവർ പിന്തുണച്ചതെന്നും വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.