കുവൈത്ത് തീപിടിത്തം; മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നൽകും

തിരുവനന്തപുരം: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തരമായി കുവൈത്തിലേക്ക് പുറപ്പെടും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി കുവൈത്തില്‍ എത്തുന്നത്.

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക.

കുവൈത്ത് അഗ്നിബാധ മരണങ്ങളില്‍ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 19 മലയാളികള്‍ മരണമടഞ്ഞു എന്നാണ് മനസിലാക്കുന്നത്. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്.

കേന്ദ്ര സർക്കാർ കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കും. കേരളത്തിന്‍റെ ഡല്‍ഹിയിലെ പ്രതിനിധി പ്രഫ. കെ.വി. തോമസ് വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. 

Tags:    
News Summary - Kuwait fire; The state government will pay Rs 5 lakh to the family members of the deceased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.