സത്യത്തിനുവേണ്ടി നിലകൊള്ളുന്ന തലമുറ മാധ്യമരംഗത്ത് വളര്‍ന്നുവരണം –മുഖ്യമന്ത്രി

കൊച്ചി: സത്യം വിളിച്ചുപറയാന്‍ പേടിയില്ലാത്ത തലമുറ മാധ്യമരംഗത്ത് വളര്‍ന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. മാധ്യമരംഗത്തെ കോര്‍പറേറ്റ്വത്കരണം ജനതാല്‍പര്യത്തിന് എതിരാണ്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 54ാം വാര്‍ഷിക സമ്മേളനം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോര്‍പറേറ്റ് ഉടമകളുടെ താല്‍പര്യത്തിന് വഴങ്ങി ചില മാധ്യമപ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്ത ചമക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ അനീതിക്കെതിരെ രംഗത്തിറങ്ങിയപ്പോള്‍ അവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാന്‍ വ്യാജ സീഡിയുണ്ടാക്കിയത് ഒരു ദൃശ്യമാധ്യമമാണ്. ഇതിന് ചില മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടുനിന്നു.

വ്യാജ സീഡി തയാറാക്കിയവര്‍ക്കെതിരെ ഒരു കേസുപോലും ഉണ്ടായില്ല. തിന്മ നാട്ടുനടപ്പാണെന്ന് വരുത്തി അതിന് സ്വീകാര്യത നേടിക്കൊടുക്കുന്ന ശക്തികളുടെ കൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉപകരണങ്ങളാകരുത്. സാമൂഹിക മാധ്യമങ്ങള്‍ക്ക് വന്‍ സ്വാധീനമുള്ള ഇക്കാലത്ത് ഒന്നും ഒളിച്ചുവെക്കാന്‍ മാധ്യമങ്ങള്‍ക്കാവില്ല. സത്യവും അസത്യവും തമ്മിലും ധര്‍മവും അധര്‍മവും തമ്മിലും ഏറ്റുമുട്ടുമ്പോള്‍ മാധ്യമങ്ങള്‍ നിഷ്പക്ഷരാവുകയല്ല വേണ്ടത്; സത്യത്തിന്‍െറയും നീതിയുടെയും പക്ഷം ചേരലാണ് അവരുടെ ബാധ്യത. സര്‍ക്കാര്‍ ഭാഷ്യത്തിന് അപ്പുറമുള്ള കാര്യങ്ങള്‍ക്ക് തങ്ങള്‍ ഇടം നല്‍കില്ല എന്നുപറയുന്നത് മാധ്യമ സ്വാതന്ത്ര്യ സങ്കല്‍പത്തിന് എതിരാണ്.

മാധ്യമ മേഖലയില്‍ തൊഴില്‍ പീഡനം ശക്തമാണ്.  ജനാഭിപ്രായം രൂപവത്കരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന അച്ചടിമാധ്യമ രംഗത്തെ വിദേശ മുതല്‍മുടക്ക് ദേശവിരുദ്ധ ശക്തികള്‍ക്ക് കടന്നുവരുന്നതിനും രാജ്യസുരക്ഷക്കുതന്നെ അപകടകരമാകുമെന്നും കണ്ടാണ് ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കാലത്ത് ഇതിന് അനുമതി നിഷേധിച്ചത്. എന്നാല്‍, ഇപ്പോള്‍ ഈ രംഗത്തും വിദേശ മുതല്‍മുടക്കിന് അനുമതി നല്‍കുകയാണ്. ദൃശ്യമാധ്യമ രംഗത്ത് കോര്‍പറേറ്റ്വത്കരണമാണ് നടക്കുന്നത്. പല മാധ്യമങ്ങളും പൂട്ടേണ്ടിവരുന്നത് ഇതിനാലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ. മോഹനന്‍, എം.പി. പ്രകാശന്‍ എന്നിവരെ ആദരിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. നാരായണന്‍ ആമുഖ പ്രഭാഷണം നടത്തി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എല്‍.എമാരായ ഒ. രാജഗോപാല്‍, എസ്. ശര്‍മ, ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജയിന്‍, വി.പി.എസ് ലേക്ഷോര്‍ എം.ഡി ഡോ. ഷംസീര്‍ വയലില്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പ്രഫ. കെ.വി. തോമസ് സ്വാഗതം പറഞ്ഞു.

Tags:    
News Summary - kuwj state conference, pinaray vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.