ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ മുൻ കേന്ദ്ര മന്ത്രി കെ. വി തോമസ് പാർട്ടിവിടുകയാണെങ്കിൽ വിടെട്ട എന്ന തീരുമാനത്തിൽ കോൺഗ്രസ് ഹൈകമാൻഡ്. നേരത്തെ നിർദേശിച്ച പദവികളൊന്നും തോമസിന് നൽകേണ്ടെന്ന് കേരള നേതാക്കൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. ഉമ്മൻചാണ്ടി അധ്യക്ഷനായ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ ഹൈകമാൻഡ് പ്രഖ്യാപിച്ചപ്പോൾ, നേരത്തെ ധാരണയിലെത്തിയ ഒമ്പത് പേർക്ക് പുറമെ ശശി തരൂർ എം.പി, ഹൈകമാൻഡ് ഇടപെടലിൽ പത്താമനായി ഇടംപിടിച്ചു. അതിനിടെ മൽസരിക്കാൻ അനുവാദം തേടി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ൈഹകമാൻഡിനെ സമീപിച്ചതിനെ കെ.മുരളീധരൻ പരിഹസിച്ചു.
പ്രചാരണ സമിതി കൺവീനർ സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്ന കെ.വി തോമസിന് അതിന് ശേഷം ഉമ്മൻചാണ്ടി വർക്കിങ് പ്രസിഡൻറ് സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. ഏൽപിച്ചിട്ടും വീക്ഷണവും ജയ്ഹിന്ദും ഏെറ്റടുക്കാതിരുന്നതും തോമസിന് വിനയായി.
ഉമ്മൻചാണ്ടിക്ക് പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർകിങ് പ്രസിഡൻറ് കെ സുധാരകൻ, താരിഖ് അൻവർ, കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, വി.എം സുധീരൻ, കെ. മുരളീധരൻ എന്നിവരാണ് സമിതി അംഗങ്ങൾ.
ലോക്സഭയിലേക്ക് മൽസരിക്കാൻ കെ.പി.സി.സി പ്രസിഡൻറ് എന്ന നിലയിൽ ഉത്തരവാദിത്തം തടസമാകുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ മുല്ലപ്പള്ളി എങ്ങിനെയാണ് അതേ ഉത്തരവാദിത്തവുമായി നിയമസഭയിലേക്ക് മൽസരിക്കുകയെന്ന് മുരളീധരൻ ചോദിച്ചു. അന്ന് മുല്ലപ്പള്ളി തയാറായിരുന്നെങ്കിൽ കോൺഗ്രസിന് വട്ടിയൂർകാവ് നഷ്ടപ്പെടില്ലായിരുന്നുവെന്നും മുരളീധരൻ ചുണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.