കെ.വി തോമസ് വഴിയാധാരമാകില്ല, സ്വാഗതം ചെയ്ത് കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം രാജി വച്ച് വന്നാൽ സ്വീകരിക്കുന്നതിൽ തടസമൊന്നുമില്ലെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു. എന്ത് വേണമെന്നത് കെ.വി തോമസാണ് തീരുമാനിക്കേണ്ടത്.

സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. കോൺഗ്രസിന് കൂടെയുള്ള ആളുകളെ തന്നെ നഷ്ടമാവുകയാണ്. സഹകരിക്കാൻ തയാറായാൽ തോമസിനെ സ്വീകരിക്കും. കെ.വി തോമസിന് സെമിനാറിൽ അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ അവകാശമുണ്ട്.

കണ്ണൂരിലായത് കൊണ്ട് വരുന്നില്ലെന്ന് ചിലർ പറയുന്നത് കേട്ടു. അങ്ങനെ പറയുന്നതിൽ അ‌‌ർഥമില്ല. എറണാകുളത്തേക്ക് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു, പക്ഷേ വന്നില്ല. അവരുടെ നിലപാടിന്‍റെ ഭാഗമാണ് സി.പി.എമ്മുമായി സഹകരിക്കേണ്ടെന്ന്. ബി.ജെ.പിക്ക് അലോസരമുണ്ടാക്കുന്ന ഒന്നും കേരളത്തിലെ കോൺഗ്രസ് ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു.

ശശി തരൂർ ആദ്യം വരാമെന്ന് പറഞ്ഞതാണ്, ഹൈക്കമാൻഡ് വിലക്കിയെന്നും വരാൻ പറ്റില്ലെന്നും അറിയിച്ചു. പങ്കെടുക്കുന്നവരെല്ലാം സി.പി.എമ്മിന്‍റെ അഭിപ്രായം പറയണമെന്നില്ല, വ്യത്യസ്ത അഭിപ്രായങ്ങൾ പറയാനുള്ള അവസരമുണ്ടാക്കാനാണ് സെമിനാറുകൾ നടത്തുന്നത്. സി.പി.എമ്മിന്‍റെ അഭിപ്രായം പറയാൻ സി.പി.എം നേതാക്കൾ മതിയല്ലോ, മറ്റുള്ള ആളുകളെയും ക്ഷണിച്ചിരിക്കുന്നത് ബഹുസ്വരതക്ക് പ്രധാന്യം കൊടുക്കുന്നത് കൊണ്ടാണെന്നും കോടിയേരി പറഞ്ഞു.

എ.ഐ.സി.സി വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം കെ.വി തോമസിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. 

Tags:    
News Summary - KV Thomas will not be the way, Kodiyeri Balakrishnan welcomes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.