ഫോൺ നമ്പറുകൾ ചോർത്തി ലക്ഷങ്ങളുടെ റേഷൻ വെട്ടിച്ചു: പിന്നാക്ക േറഷനിൽ ഒ.ടി.പി തട്ടിപ്പ്

തിരുവനന്തപുരം: പിന്നാക്കവിഭാഗത്തിന്‍റെ മൊബൈൽ ഫോൺ-ഒ.ടി.പി നമ്പറുകൾ ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് ലക്ഷങ്ങളുടെ റേഷൻ തട്ടിപ്പ്. സംഭവത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലെ മൂന്ന് റേഷൻ കടകൾ ഭക്ഷ്യപൊതുവിതരണ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ ഷൈലജ കുമാരിയുടെ ഉടമസ്ഥതയിലുള്ള 1105251 നമ്പർ റേഷൻകട, കൊല്ലം പുനലൂർ താലൂക്കിലെ സുമയുടെ ഉടമസ്ഥതയിലുള്ള 1272156 റേഷൻ കട, ആലുവ നീലേശ്വരം പഞ്ചായത്തിലെ കെ.ബി. ദിലീപ്കുമാറിന്‍റെ 1736178 റേഷൻ കട എന്നിവക്കെതിരെയാണ് നടപടി.

പുനലൂർ തെന്മല പഞ്ചായത്തിലെ കുറവന്താവളം എസ്റ്റേറിലെ 21 തോട്ടം തൊഴിലാളികളുടെ മൊബൈൽ ഫോൺ നമ്പറും ഒ.ടി.പി നമ്പറും തട്ടിയെടുത്താണ് കടയുടമകളും സെയിൽസ്മാനും ചേർന്ന് റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തിയത്. സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തുന്ന 'അന്തർ ജില്ല ഒ.ടി.പി തട്ടിപ്പി'ൽ കൂടുതൽ സാങ്കേതിക-വിജിലൻസ് പരിശോധന ആവശ്യപ്പെട്ട് ജില്ല സപ്ലൈ ഓഫിസർമാർ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ഏകദേശം 50 ലക്ഷം രൂപയുടെ തട്ടിപ്പാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്.

എസ്റ്റേറ്റിലെ തൊഴിലാളികളിൽ ഭൂരിഭാഗവും പട്ടികജാതി-വർഗ, തമിഴ്ജന വിഭാഗത്തിൽപ്പെട്ടവരാണ്. ഇവരിൽ നല്ലൊരു ശതമാനത്തിനും സുമ കൃത്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിരുന്നില്ല. ഇതിനെതുടർന്ന് കടയിൽ അളവിൽ കൂടുതൽ റേഷൻ സാധനങ്ങൾ ഉണ്ടാകും. വനത്താൽ ചുറ്റപ്പെട്ട ഇവിടെ നിന്ന് റേഷന്‍സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്താൻ സാധിക്കാത്തതിനാൽ നെടുമങ്ങാട്ടെയും ആലുവയിലെയും വ്യാപാരികളുമായി ചേർന്ന് സുമ തട്ടിപ്പുനടത്തുകയായിരുന്നുവെന്ന് ജില്ല സപ്ലൈ ഓഫിസർമാർ പറയുന്നു.

ഓരോമാസവും കാർഡുടമകൾക്ക് സുമ കടയിൽ അധികമുള്ള ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നത്. ഇവർക്ക് ബിൽ നൽകില്ല. പകരം കാർഡുടമകളുടെ മൊബൈൽ നമ്പറും അതിൽ വരുന്ന ഒ.ടി.പിയും ശേഖരിച്ച് നെടുമങ്ങാട്ടെയും ആലുവയിലെയും കടയുടമക്കും സെയിൽസ്മാനും കൈമാറും. ഇവരാണ് ഈ നമ്പറുകൾ ഉപയോഗിച്ച് ഇ-പോസ് മെഷീനിൽ രേഖപ്പെടുത്തി ബിൽ തയാറാക്കുന്നത്. എസ്റ്റേറ്റിലെ തൊഴിലാളികളുടെ വിതരണം ആലുവയിലും നെടുമങ്ങാട്ടും രേഖപ്പെടുത്തുന്നതോടെ ഈ കടകളിലെ സ്റ്റോക്കും അധികമാകും. ഇവിടെ വരുന്ന അധികം ഭക്ഷ്യധാന്യങ്ങളാണ് കരിഞ്ചന്തയിലേക്ക് കടത്തുന്നത്. കിട്ടുന്ന തുക ഇവർ വീതിച്ചെടുക്കും. ഒമ്പത് കാർഡുകളിലെ വിതരണത്തിൽ അസ്വാഭാവികതയുള്ളതായി ആര്യനാട് ഫർക്ക റേഷനിങ് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 21 കാർഡുകളിലെ തട്ടിപ്പ് പുറത്തായത്. തങ്ങൾ നാളിതുവരെ നെടുമങ്ങാട്ടും ആലുവയിലും എത്തി റേഷൻ കൈപ്പറ്റിയിട്ടില്ലെന്ന് തൊഴിലാളികൾ മൊഴി നൽകി. കൂടാതെ നെടുമങ്ങാട് സസ്പെന്‍ഡ് ചെയ്ത റേഷൻകടയുടെ ഉടമ ഷൈലജ കുമാരി ബംഗളൂരുവിണ് താമസമെന്നും ഇവർ ഇതുവരെ ഇ-പോസ് മെഷീൻ ലോഗിൻ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.

വാർഡിൽ സ്ഥിരതാമസക്കാരായവർക്ക് മാത്രമാണ് റേഷൻകട ലൈസൻസ് നൽകുന്നത്. ഈ കട പാട്ടത്തിനെടുത്ത് സെയിൽസ്മാനായ സി.ജെ. അനിൽകുമാറാണ് നടത്തുന്നത്. ഇത് ചട്ടവിരുദ്ധമാണെന്നും അന്വേഷണസംഘം 'മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - Lakhs of ration fraud in the state by misusing the mobile phone-OTP numbers of the backward class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.