തൊടുപുഴ: ഇടുക്കിയിലെ സങ്കീർണ ഭൂപ്രശ്നങ്ങളിൽ സി.പി.എം പ്രതിക്കൂട്ടിൽ നിർത്തിയിരുന്ന റവന്യൂ,- വനം വകുപ്പുകളുടെ പട്ടികയിലേക്ക് വൈദ്യുതി വകുപ്പും. ഇടുക്കിയിലെ ആറ് പഞ്ചായത്ത് പരിധിയിൽ വരുന്ന പത്തുചെയിൻ മേഖലയിലുള്ളവർക്ക് പട്ടയം നൽകരുതെന്ന വൈദ്യുതി ബോർഡ് ശിപാർശ മന്ത്രിസഭ യോഗം അംഗീകരിച്ചതാണ്, വൈദ്യുതി വകുപ്പിനെയും അതുവഴി സി.പി.എമ്മിനെയും ‘പ്രതിപ്പട്ടിക’യിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. ജനവാസമേഖലയായ മൂന്നുചെയിൻവരെ ഒഴിവാക്കി, ശേഷിച്ച പ്രദേശത്ത് മാത്രം പട്ടയം നൽകുന്നതിനാണ് നിർദേശം.
ഇതിനെതിരെ സി.പി.എം ഒഴികെയുള്ള രാഷ്ട്രീയകക്ഷികൾ രംഗത്ത് വന്നുകഴിഞ്ഞു. ഭൂപ്രശ്നങ്ങളിൽ സി.പി.എം താൽപര്യങ്ങൾക്കൊത്ത് നിൽക്കാത്ത സി.പി.െഎയെ കുറ്റപ്പെടുത്തിയാണ് പട്ടയം അടക്കം പ്രശ്നങ്ങളിൽ സി.പി.എം മുന്നോട്ടുപോകുന്നത്. ഇത് സി.പി.െഎക്ക് നഷ്ടവുമുണ്ടാക്കിയിരുന്നു. ഉപാധിരഹിത പട്ടയം, മരംമുറി അനുമതി, പട്ടയം വിതരണം മുടങ്ങൽ തുടങ്ങിയ വിഷയങ്ങളിലൊക്കെ സി.പി.െഎയെയും റവന്യൂ-, വനം വകുപ്പുകളെയും കുറ്റപ്പെടുത്തുകയായിരുന്നു സി.പി.എം. സർവകക്ഷി യോഗ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ തടസ്സം നിൽക്കുന്നത് ഇൗ വകുപ്പുകളുമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലും അവർ വിജയിച്ചിരുന്നു.
എന്നാൽ, ഇടുക്കിക്കാരനായ എം.എം. മണി മന്ത്രിയായിരിക്കെ വൈദ്യുതി ബോർഡ് സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടി തിരിച്ചടിക്കാനൊരുങ്ങുകയാണ് സി.പി.െഎ. മണി പെങ്കടുത്ത മന്ത്രിസഭ യോഗത്തിൽ കർഷക വിരുദ്ധ തീരുമാനമുണ്ടായതിനെതിരെ പാർട്ടി ജില്ല സെക്രട്ടറി രംഗത്തെത്തിയെന്ന് മാത്രമല്ല കർഷക സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനു നേതൃത്വം നൽകുന്നതും അവരാണ്. സി.പി.െഎ കർഷകപക്ഷം ചേർന്നതോടെ പ്രതിഷേധങ്ങളിൽ നാട്ടുകാർക്കൊപ്പം നിൽക്കാൻ നിർദേശിച്ചിരിക്കുകയാണ് സി.പി.എം ജില്ല നേതൃത്വം. ആശ്വാസവാക്കുകളുമായി മണിയും രംഗത്തുണ്ട്.
ആറായിരത്തോളം പേരെ ബാധിക്കുന്ന വിഷയത്തിൽ ഇതുകൊണ്ടൊന്നും പരിക്കിൽനിന്ന് രക്ഷപ്പെടില്ലെന്നതാണ് സ്ഥിതി. ഹൈറേഞ്ച് സംരക്ഷണ സമിതിയടക്കം സർക്കാർ തീരുമാനത്തെ എതിർക്കുകയുമാണ്. മുമ്പ് ഇത്തരം തീരുമാനങ്ങളുണ്ടായപ്പോഴൊക്കെ വകുപ്പുകളെ കുറ്റപ്പെടുത്തി തടിതപ്പിയിരുന്ന സി.പി.എമ്മിന് കരകയറണമെങ്കിൽ മുഴുവൻ പേർക്കും പട്ടയം ലഭിക്കുന്ന സാഹചര്യമുണ്ടാകണം. ഇതാകെട്ട അത്ര എളുപ്പവുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.