തിരുവനന്തപുരം: ഭൂമി തരംമാറ്റ ഉത്തരവ് ആർ.ടി.ഒ പുറപ്പെടുവിച്ചാൽ ഭൂരേഖകളിൽ മാറ്റംവരുത്താൻ വില്ലേജ്, താലൂക്ക് ഓഫിസുകളിലെ നടപടിക്രമങ്ങൾ ലളിതമാക്കി.
സബ്ഡിവിഷൻ ആവശ്യമില്ലാത്ത കേസുകളിൽ ഏഴുദിവസത്തിനകവും സബ് ഡിവിഷൻ ആവശ്യമുള്ളതിൽ സർവേ പൂർത്തിയായില്ലെങ്കിലും താൽക്കാലിക സബ് ഡിവിഷൻ നമ്പർ നൽകി ഭൂനികുതി അടയ്ക്കാൻ അവസരമൊരുക്കാനാണ് ലാൻഡ് റവന്യൂ കമീഷണറുടെ നിർദേശം. സർവേ മൂന്നു മാസത്തിനകം നടത്തി നടപടികൾ ക്രമപ്പെടുത്തിയാൽ മതി. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം 2018 പ്രകാരം സമർപ്പിക്കപ്പെട്ട അപേക്ഷകൾ വർധിക്കുകയും കൂടുതൽ ഉത്തരവുകൾ പുറത്തിറങ്ങുകയും ചെയ്തെങ്കിലും ഭൂരേഖകളിലെ മാറ്റത്തിന് കാലതാമസം വരുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിനെതുടർന്ന് സർക്കാർ നിർദേശപ്രകാരമാണ് ലാൻഡ് റവന്യൂ കമീഷണർ പുതിയ പ്രവർത്തന മാർഗരേഖ തയാറാക്കിയത്.
തരംമാറ്റ ഉത്തരവ് താലൂക്ക് ഓഫിസിൽ ലഭിച്ചാൽ ഭൂരേഖാ തഹസിൽദാരുടെ ഉത്തരവ്/നടപടിക്രമമാണ് കാലതാമസത്തിന് കാരണമെന്നാണ് കണ്ടെത്തൽ. അതിനാൽ, വില്ലേജ് ഓഫിസുകളിൽ രേഖകളിൽ മാറ്റംവരുത്തേണ്ടതായ സബ്ഡിവിഷൻ ആവശ്യമില്ലാത്ത കേസുകളിൽ താലൂക്ക് ഓഫിസുകളിലെ ഈ നടപടിക്രമം ഒഴിവാക്കി. തരംമാറ്റ ഉത്തരവിന്മേൽതന്നെ ബ്ലോക്ക് നമ്പർ, സർവേ നമ്പർ, തണ്ടപ്പേർ നമ്പർ എന്നിവ രേഖപ്പെടുത്തി ഭൂരേഖാ തഹസിൽദാർ നേരിട്ട് വില്ലേജ് ഓഫിസർമാർക്ക് മാറ്റംവരുത്താനായി രണ്ടുദിവസത്തിനകം അയച്ചുനൽകണം. ഇതോടൊപ്പം റെലിസ് പോർട്ടലിലും താലൂക്ക് ഓഫിസിൽ നിന്നുതന്നെ ഭൂമിയുടെ തരം ‘സ്വഭാവ വ്യതിയാനം നടത്തിയ പുരയിടം’ എന്നു മാറ്റംവരുത്തും. തുടർന്ന് വില്ലേജ് ഓഫിസർ ആർ.ഡി.ഒയുടെ ഉത്തരവിന്റെയും തഹസിൽദാറിന്റെ കത്തിന്റെയും നമ്പറും തീയതിയും ഉൾപ്പെടെ സപ്ലിമെന്ററി ബി.ടി.ആറിൽ രേഖപ്പെടുത്തി കക്ഷിക്ക് അഞ്ച് പ്രവൃത്തി ദിനങ്ങൾക്കകം ഭൂനികുതി അടച്ചുനൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.