തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്ന തരത്തിൽ ലാൻഡ് ബോർഡ് സെക്രട്ടറി ഇറക്കിയ നിയമവിരുദ്ധ സർക്കുലർ മാധ്യമം വാർത്തയെ തുടർന്ന് മന്ത്രി കെ. രാജൻ ഇടപെട്ട് റദ്ദാക്കി. തോട്ടഭൂമി ഉൾപ്പെടെ കേരള ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ലാൻഡ് ബോർഡ് ഇറക്കിയ വിവാദ സർക്കുലർ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവ്.
ഇളവ് ലഭിച്ച ഭൂമി തരംമാറ്റിയാൽ, തരം മാറ്റിയ അത്രയും ഭൂമി 1970 ജനുവരി ഒന്നിന് ശേഷം ആർജിച്ചതായി കണക്കാക്കി ഭൂപരിധിയിൽ ഇളവ് നേടിയർക്കും അവരുടെ പിന്തുടച്ചക്കാർക്കുമെതിരെ താലൂക്ക് ലാൻഡ് ബോർഡ് മിച്ച ഭൂമി കേസ് എടുക്കണമെന്നാണ് നിയമം. ഇളവു ലഭിച്ച ഭൂമി പരിവർത്തനപ്പെടുത്തിയവർക്ക് എതിരെ മിച്ചഭൂമി കേസുകൾ പുനരാരംഭിക്കണമെന്നും ഭൂപരിധി പുനർ നിർണയിച്ച് മിച്ചഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശം നൽകി. ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാരിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സർക്കുലറിലെ നിയമവിരുദ്ധ വ്യാഖ്യാനങ്ങൾ റദ്ദുചെയ്ത് ഉത്തരവിറക്കിയത്.
ഇളവു ലഭിച്ച തോട്ടഭൂമിയിൽനിന്നു മുറിച്ചുവാങ്ങിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ, ഇപ്പോഴത്തെ കൈവശക്കാരനു മിച്ചഭൂമി ഉണ്ടോ എന്നു പരിശോധിച്ചാൽ മതി എന്നായിരുന്നു 2021 ഒക്ടോബർ 23 ലെ ലാൻഡ് ബോർഡ് സെക്രട്ടറിയുടെ സർക്കുലർ. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തി അഞ്ച് മാസങ്ങൾക്കുശേഷാണ് ഈ ഉത്തരവ് ഇറക്കിയത്. തോട്ടം ഉടമകൾക്ക് ഇളവ് ലഭിച്ച ഭൂമി തരംമാറ്റാൻ സഹായകമായിരുന്നു സർക്കുലർ. മാധ്യമം വാർത്തയോടെയാണ് സർക്കുലറിലെ നിയമ വിരുദ്ധ പരാമർശം വിവാദമായത്.
ഭൂപരിഷ്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് കൈവശം വെക്കാവുന്നത് പരമാവധി 15 ഏക്കറാണ്. തോട്ടഭൂമിക്കും മറ്റും ഇതിൽ ഇളവുണ്ട്. എന്നാൽ, ഇപ്പോഴത്തെ കൈവശക്കാരന്റെ ഭൂമി മാത്രം പരിശോധിച്ചാൽ മതിയെന്നു വ്യാഖ്യാനിച്ച് കലക്ടർമാർക്കും താലൂക്ക് ലാൻഡ് ബോർഡുകൾക്കും സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറി സർക്കുലർ അയച്ചതോടെ മിച്ചഭൂമി കേസുകൾ വഴിമുട്ടി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഈ മാസം 11ലെ ഉത്തരവോടെ സംസ്ഥാനത്ത് ലാൻഡ് ബോർഡുകൾക്ക് തരംമാറ്റിയ തോട്ടംഭൂമി നിയമപരമായി ഏറ്റെടുക്കാം.
ഹൈകോടതി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ 2015 ഫെബ്രുവരി 14 ലെ വിധി ലംഘിച്ചാണ് ലാൻഡ് ബോർഡ് സർക്കുലർ ഇറക്കിയത്. ഹൈകോടതിയുടെ മറ്റ് രണ്ട് ഡിവിഷൻ ബഞ്ച് ഉത്തരവുകൾ ഉദ്ധരിച്ചാണ് ജഡ്ജി എ.മുഹമ്മദ് മുഷ്താഖ് തോട്ടംഭൂമി തരംമാറ്റിയ കേസിൽ വിധി പറഞ്ഞത്. തരം മാറ്റിയ ഭൂമി വിൽക്കാൻ പാടില്ലെന്ന നിയമത്തിലെ വ്യവസ്ഥ നിലനിൽക്കുമെന്നും വിധിയിൽ വ്യക്തമാക്കി. തോട്ടം ഭൂമി തരം മാറ്റിയാൽ ഇളവ് ലഭിച്ച ആളിന്റെ പേരിലാണ് കേസെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഭൂപരിഷ്കരണ നിയമത്തെ മാറ്റാനാകില്ലെന്നായിരുന്നു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ വിധിയുടെ സാരം.
സംസ്ഥാനത്തെ ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര നിയമനിർമാണമായിരുന്നു ഭൂപരിഷ്കരണം നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിലെ വകുപ്പ് 81 പ്രകാരം അനുവദിച്ച ഇളവ് പൊതുതാൽപ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. തോട്ടങ്ങൾക്ക് നിയമത്തിൽ ഇളവ് നൽകിയത് അത്തരം കാർഷിക പ്രവർത്തനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും വ്യക്തമാക്കിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് ലാൻഡ് ബോർഡ് സെക്രട്ടറി നിയമവിരുദ്ധമായ സർക്കുലർ ഇറക്കിയത്.
സർക്കുലർ തയാറാക്കിയ ലാൻഡ് ബോർഡിലെ ഉദ്യോഗസ്ഥർ മാധ്യമം വാർത്തയെ പരിഹസിച്ചിരുന്നു. ഉത്തരവ് നിയമപരമാണെന്നും പിൻവലിക്കാൻ കഴിയില്ലെന്നും അവർ വാദിച്ചു. ജനുവരി 25 ലെ മാധ്യമം വാർത്ത കണ്ട് സർക്കുലർ നിയമവിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ റവന്യൂ മന്ത്രിയുടെ ഓഫീസാണ് സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയത്. വാർത്ത റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ശ്രദ്ധയിൽപ്പെട്ടതോടെ ലാൻഡ് ബോർഡിലെ ഫയലുകൾ വിളിച്ചുവരുത്തി പരിശോധിച്ചു. തുടർന്നാണ് സർക്കുലർ പിൻവലിക്കുന്നതിനുള്ള നടപടി തുടങ്ങിയത്.
ഭൂപരിഷ്കരണ നിയമത്തിന്റെ അന്തസത്ത ചോർന്നു പോകുന്ന തരത്തിൽ സർക്കുലർ ഇറക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് റവന്യൂ മന്ത്രിയുടെ പാർട്ടിയുടെ യൂനിയനിൽപെട്ട സംസ്ഥാന ലാൻഡ് ബോർഡിലെ ഉദ്യോഗസ്ഥരാണെന്ന് ആരോപണമുണ്ട്. തോട്ടഭൂമി പരിവർത്തനം നടത്തി മുറിച്ചു വിൽക്കുന്ന വൻസംഘത്തെ സഹായിക്കാനായിരുന്നു സർക്കുലറിന്റെ ലക്ഷ്യം. സർക്കുലർ ഇറക്കിയ കാലത്ത് ഏതെല്ലാം തോട്ടം ഭൂമികൾക്ക് താലൂക്ക് ലാൻഡ് ബോർഡുകൾ ഇളവ് നൽകി എന്നത് വ്യക്തമല്ല. ചില വൻകിട തോട്ടം ഉടമകൾ ലാൻഡ് ബോർഡ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സർക്കുലർ ഇറക്കിയെന്നാണ് പ്രധാന ആക്ഷേപം.
നിയമസഭ പാസാക്കിയ നിയമത്തെ അട്ടിമറിച്ച് സർക്കുലർ ഇറക്കാൻ ലാൻഡ് ബോർഡ് സെക്രട്ടറിക്ക് അധികാരമില്ല. അധികാര ദുർവിനിയോഗമാണ് ലാൻഡ് ബോർഡ് സെക്രട്ടറി നടത്തിയത്. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്താൻ തയാറായിട്ടില്ല. മാധ്യമം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ഈ സർക്കുലർ റവന്യൂ വകുപ്പിന്റെ ശ്രദ്ധയിൽ പെടുകയോ പിൻവലിക്കുകയോ ചെയ്യുമായിരുന്നില്ല. നിയമ വിരുദ്ധമായ സർക്കുലർ അനുസരിച്ച് താലൂക്ക് ലാൻഡ് ബോർഡുകൾ നടപടി സ്വീകരിക്കുമായിരുന്നു. വിവാദ സർക്കുലർ പിൻവലിക്കുമ്പോഴും ലാൻഡ് ബോർഡിലെ ചില ഉദ്യോഗസ്ഥർക്ക് തോട്ടം ഉടമകളുമായുള്ള അവിശുദ്ധബന്ധം സംബന്ധിച്ച് റവന്യൂ വകുപ്പ് നിശബ്ദത പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.