തിരുവനന്തപുരം: വസ്തു ഇടപാടിൽ സ്വന്തമായി ആധാരം എഴുതി രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ ഏർപ്പെടുത്തിയ സൗകര്യം ലക്ഷ്യംകണ്ടില്ല. പ്രമാണം തയാറാക്കി സബ് രജിസ്ട്രാർ ഒാഫിസുകളിൽ രജിസ്റ്റർ ചെയ്യുന്നതിന് ആധാരം എഴുത്തുകാരുടെയോ അഭിഭാഷകരുടെയോ ആവശ്യമില്ലെന്ന് മൂന്ന് വർഷം മുമ്പാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനകം സംസ്ഥാനത്ത് സ്വയം ആധാരം എഴുതിയത് ആയിരത്തിൽ താഴെപേർ മാത്രമാണ്. വസ്തു കൈമാറ്റം ചെയ്യുന്നവർക്ക് സ്വയം ആധാരം എഴുതുന്നതിന് അവസരമൊരുക്കാൻ 1960ലെ ആധാരം എഴുത്തുകാരുടെ ലൈസൻസ് ഭേദഗതി ചെയ്ത സർക്കാർ വിജ്ഞാപനം 2016 മേയ് 30നാണ് നിലവിൽവന്നത്.
ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കുന്നതിനും സബ് രജിസ്ട്രാർ ഒാഫിസുകളിലെ അഴിമതി തടയുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഇത്. സബ് രജിസ്ട്രാർ ഒാഫിസുകളിൽ രജിസ്റ്റർ ചെയ്യുന്ന പ്രമാണങ്ങൾ ആധാരം എഴുത്ത് ലൈസൻസികളും അഭിഭാഷകരുമാണ് സാധാരണ തയാറാക്കിയിരുന്നത്. സ്വയം ആധാരം എഴുതുന്നതിന് ഉത്തരവിറങ്ങിയതോടെ ആധാരങ്ങൾ വസ്തുകൈമാറ്റം ചെയ്യുന്നവരോ, ലഭിക്കുന്നവരോ തയാറാക്കിയാൽ സബ് രജിസ്ട്രാർ ഒാഫിസുകളിൽ രജിസ്േട്രഷൻ പൂർത്തീകരിച്ച് നൽകും. സ്വയം ആധാരം തയാറാക്കുന്നതിന് സബ് രജിസ്ട്രാർ ഒാഫിസുകളിലെ ജീവനക്കാരുടെ സേവനം വിനിയോഗിക്കാമെന്നും വകുപ്പ് ഉത്തരവിറക്കി. എന്നാൽ ഇതും പാലിക്കപ്പെട്ടിട്ടില്ല.
സ്വയം ആധാരം എഴുതുന്നതിന് പൊതുജനങ്ങളെ ബോധവത്കരിക്കാനോ ഇടനിലക്കാരുടെ ചൂഷണം തടയാനോ സർക്കാർ കാര്യക്ഷമമായ സംവിധാനം ഇനിയും ഏർപ്പെടുത്തിയിട്ടുമില്ല. രജിസ്്ട്രേഷൻ വകുപ്പിെൻറ വെബ്സൈറ്റിൽ നിലവിലുള്ള മാതൃക പ്രമാണങ്ങളുപയോഗിച്ച് സാധാരണക്കാർക്ക് ഇപ്പോഴും സ്വയം ആധാരം എഴുതാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്തെ 314 സബ് രജിസ്ട്രാർ ഒാഫിസുകളിലായി ആറായിരത്തോളം ആധാരം തയാറാക്കൽ ലൈസൻസികളും ഇരട്ടിയോളം പകർത്തിയെഴുത്ത് ലൈസൻസികളുമുണ്ട്. സർക്കാർ ഉത്തരവനുസരിച്ച് 400 രൂപ മുതൽ 7500 രൂപവരെ ആധാരം തയാറാക്കുന്നതിന് എഴുത്തുകാർക്ക് ഫീസായി ഈടാക്കാനാകും. എന്നാൽ അമിത ഫീസ് ഈടാക്കുന്നതായുള്ള പരാതി വ്യാപകമായതോടെയാണ് സ്വയം ആധാരം എഴുതുന്നതിന് സർക്കാർ ഉത്തരവിറക്കിയത്.
പല ആധാരങ്ങളുടെയും തയാറാക്കൽ സങ്കീർണമെന്നാണ് രജിസ്േട്രഷൻ വകുപ്പിലെ ഉദ്യോഗസ്ഥരും വിരമിച്ച സബ് രജിസ്ട്രാർമാരും പറയുന്നത്. പരിചയസമ്പന്നരായ ആധാരം എഴുത്തുകാരും അഭിഭാഷകരും തയാറാക്കിയിട്ടുപോലും സംസ്ഥാനത്ത് പ്രതിവർഷം ഓരോ സബ് രജിസ്ട്രാർ ഒാഫിസുകളിലും ശരാശരി നൂറിലേറെ തിരുത്താധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.