തൊടുപുഴ: മരുമകൻ പ്രസിഡൻറായ സഹകരണ ബാങ്കിന് മന്ത്രി എം.എം. മണി ഇടപെട്ട് വൈദ്യുതി ബോർഡ് കൈമാറിയത് സർക്കാർ ഭൂമി. ബോർഡിന് അവകാശമില്ലാത്തതും പദ്ധതി ആവശ്യത്തിന് നേരത്തേ കൈമാറിയതുമായ സർക്കാർ തരിശു ഭൂമിയാണിതെന്ന് ഉടുമ്പൻചോല തഹസിൽദാറുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കൈവശമുണ്ടെങ്കിലും തണ്ടപ്പേര് പിടിച്ച് കരമടക്കാത്ത പൊന്മുടി ഡാം പരിസരത്തെ 21 ഏക്കറാണ് ഹൈഡൽ ടൂറിസം പദ്ധതിക്കായി മന്ത്രിയുടെ മരുമകനും സി.പി.എം ഇടുക്കി ജില്ല കമ്മിറ്റി അംഗവുമായ വി.എ. കുഞ്ഞുമോൻ പ്രസിഡൻറായ രാജക്കാട് ബാങ്കിന് കൈമാറിയതെന്ന നിഗമനത്തിൽ റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം.
കൈമാറ്റം വിവാദമായതോടെ നിജസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ മന്ത്രി വ്യാഴാഴ്ച ഇടുക്കി ജില്ല കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ബോർഡിന് നൽകിയ റവന്യൂ ഭൂമിയുടെ കൈമാറ്റം അനധികൃതമാണ്. പതിച്ചുനൽകിയ ആവശ്യത്തിന് ഭൂമി ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചുനൽകണമെന്നാണ് വ്യവസ്ഥ. ഉടുമ്പൻചോല തഹസിൽദാറിൽനിന്ന് ലഭ്യമാകുന്ന റിപ്പോർട്ട് ശനിയാഴ്ച കൈമാറുമെന്ന് കലക്ടർ എച്ച്. ദിനേശ് ‘മാധ്യമ’ത്തോട് പറഞ്ഞു. അതിനിടെ റവന്യൂ മന്ത്രി റിപ്പോർട്ട് തേടിയതിനെതിരെ മന്ത്രി എം.എം. മണി രംഗത്തുവന്നു.
മന്ത്രിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡൻറുമായ സതിയുടെ ഭർത്താവാണ് കുഞ്ഞുമോൻ. ഭൂമി കൈമാറിയതിൽ അടിമുടി ചട്ടലംഘനവും ആരോപിക്കപ്പെടുന്നുണ്ട്. വൈദ്യുതി ബോർഡ് സിവിൽ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെ ചുമതലയിലുള്ള ഭൂമി അവരറിയാതെ ഹൈഡൽ ടൂറിസം ഡയറക്ടറും സഹകരണ ബാങ്ക് അധികൃതരുമായാണ് കരാറുണ്ടാക്കിയത്. ഫെബ്രുവരി 28ന് ചേർന്ന കെ.എസ്.ഇ.ബി ഫുൾ ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. മന്ത്രി മണിയായിരുന്നു അധ്യക്ഷൻ. കെ.എസ്.ഇ.ബിക്ക് കീഴിലെ ഹൈഡൽ ടൂറിസം ഡയറക്ടറുടെ അനുകൂല റിപ്പോർട്ടും ഉണ്ടായിരുന്നു.
ഹൈഡൽ ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിനായി സാമ്പത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങളെ പങ്കാളികളാക്കാൻ തീരുമാനിച്ചായിരുന്നു വഴിയൊരുക്കിയത്. ഇതടക്കം ഏഴ് സഹ. സംഘങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, സംഘങ്ങളെ തീരുമാനിക്കുന്നതിൽ കർശന മാനദണ്ഡമുണ്ടായിരുന്നില്ലെന്നാണ് വിവരം. വരുമാനത്തിെൻറ 20 ശതമാനം തുക ഹൈഡൽ ടൂറിസത്തിന് കൈമാറാമെന്ന വ്യവസ്ഥയിൽ 15 വർഷത്തേക്കാണ് കരാർ. 15 ശതമാനം വൈദ്യുതി ബോർഡിനും അഞ്ചുശതമാനം ഹൈഡൽ ഡിപ്പാർട്മെൻറിനുമാണ്. സംഘത്തിന് 80 ശതമാനം എടുക്കാം. പദ്ധതിക്ക് തുക ചെലവിടേണ്ടത് ഇവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.