തൃശൂര്‍: വിളവിറക്കാത്ത പാടങ്ങളില്‍നിന്ന് വന്‍തോതില്‍ ‘നെല്ല് സംഭരിച്ചെന്ന’ വ്യാജരേഖ ചമച്ച് ഉദ്യോഗസ്ഥര്‍ കോടികള്‍ തട്ടുന്നു. സംസ്ഥാനത്തെ തരിശുനിലങ്ങളില്‍ കൃഷി ചെയ്തെന്ന് വ്യാജരേഖയുണ്ടാക്കി കൃഷി ഉദ്യോഗസ്ഥരും സൈപ്ലകോ പാഡി മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ‘കൂട്ടുകൃഷി’ നടത്തുന്നത്. വര്‍ഷത്തില്‍ രണ്ട് തവണ നടത്തുന്ന ഇരുപ്പൂകൃഷി വരെ നടത്തുന്നെന്ന രേഖകള്‍ ചമച്ചാണ് വന്‍ അഴിമതി. തരിശിട്ട നിലങ്ങളില്‍നിന്ന് ലഭിച്ച നെല്ലിെൻറ വ്യാജകണക്കുണ്ടാക്കി, ഇതരസംസ്ഥാനങ്ങളില്‍നിന്ന് നെല്ല് വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്. കിലോഗ്രാമിന് ഒമ്പതുമുതല്‍ 12 രൂപക്ക് വാങ്ങുന്ന നെല്ല് മില്ലുകളിലേക്ക് 25.95 രൂപക്കാണ് നല്‍കുന്നത്.
രണ്ട് തവണ നെല്ല് കൊയ്തെടുത്തെന്ന പേരില്‍ സൈപ്ലകോ നല്കുന്ന നെല്ലിെൻറ പണം, വ്യാജകര്ഷകര്ക്കും ലഭിക്കും.
ഇതിെൻറ ഭാഗമായി സംസ്ഥാനത്ത് നെല്ലുൽപാദനം വര്‍ധിച്ചെന്നും ശരാശരിയേക്കാള്‍ വിളവ് ലഭിച്ചെന്നുമുള്ള തെറ്റായ പ്രചാരണവും ഇവര്‍ നടത്തുന്നുണ്ട്. സൈപ്ലകോ സംഭരിച്ച നെല്ലിെൻറ കണക്കിലെയും കര്‍ഷകര്‍ ഉൽപാദിപ്പിച്ചെന്ന് കാണിച്ച് കൃഷിവകുപ്പ് തയാറാക്കുന്ന കണക്കിലെയും വ്യത്യാസം അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. കൃഷിഭവന് വഴി കര്‍ഷകര്‍ക്ക് നല്കുന്ന ഉൽപാദന ബോണസടക്കമുള്ള കണക്ക് നോക്കിയാല്‍ അഴിമതി കൂടുതൽ ആഴത്തിലുള്ളതെന്ന് മനസ്സിലാകുമെന്ന് ഇക്കാര്യം അന്വേഷിച്ച ഉദ്യോഗസ്ഥൻ പറയുന്നു.
കൃഷിവകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ സൈപ്ലകോ പാഡി മാര്‍ക്കറ്റിങ് ഓഫിസറായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരും ഇവരുടെ കീഴിലെ കൃഷി ഓഫിസര്‍മാരുമാണ് അഴിമതിക്ക് നേതൃത്വം നല്‍കുന്നത്.
ഇല്ലാത്ത നെല്ല് അരിയാക്കന് സഹായിച്ചതിന് ഒരു ജില്ലയിലെ പാഡി മാര്‍ക്കറ്റിങ്ങ് ഓഫിസര്ക്ക്് മില്ലുടമകളില്‍നിന്ന് ലഭിച്ചത് ആഡംബര കാറാണ്. കൃഷിചെയ്യുന്ന നെല്പാടം കൃഷി ഓഫിസര്‍ നേരിട്ട് പോയി കാണണമെന്ന വ്യവസ്ഥ സംസ്ഥാനത്ത് നടപ്പാക്കാറില്ല. ആരെങ്കിലും പരാതിപ്പെട്ടാല്‍ അന്വേഷണം നാലുമാസം കഴിഞ്ഞാകും നടക്കുക. അപ്പോേഴക്കും വിളവെടുപ്പ് കഴിഞ്ഞിരിക്കും. ഇത്തരം സംഭവങ്ങളിൽ പാടശേഖര സമിതി പ്രസിഡൻറ്, സെക്രട്ടറി എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കുമ്മായ വിതരണം, ജൈവവള വിതരണം, കര്ഷകബോണസ് തുടങ്ങിയവയിലും വ്യാപക തിരിമറി നടത്തുന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.