ശ്രീകാര്യം: ഡ്രെയിനേജ് പെപ്പ്ലൈൻ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ട രണ്ടു തൊഴിലാളികളെ രക്ഷപ്പെടുത്തി. അയിരൂപ്പാറ സ്വദേശി വിനയൻ, ബിഹാർ സ്വദേശി ദീപക് എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്.
ശനിയാഴ്ച രാവിലെ 10നായിരുന്നു അപകടം. 15 അടിയോളം താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞത്. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നാലു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിച്ചത്.
അയിരൂപ്പാറ സ്വദേശി വിനയനെ ആദ്യംതന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ബിഹാർ സ്വദേശി ദീപക് മണ്ണിനടിയിൽ പെട്ടുപോയിരുന്നു. 10 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണ് മാറ്റാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിയുന്ന സാഹചര്യമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദീപക്കിനെ പുറത്തെടുത്തത്. അഗ്നി രക്ഷാസേനയും നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുപ്പതോളം അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ ചേർന്ന് നാലു മണിക്കൂർ നടത്തിയ രക്ഷാദൗത്യത്തിനൊടുവിലാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്.
വീതികുറഞ്ഞ റോഡ് ആയതിനാൽ അഗ്നിരക്ഷാസേനയുടെ വാഹനത്തിന് സംഭവസ്ഥലത്തേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വിവിധ വാഹനങ്ങളിലാണ് സംഘത്തെ സ്ഥലത്തെത്തിച്ചത്. ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ഓക്സിജൻ ഉൾപ്പടെയുള്ളവ എത്തിച്ച് ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയിരുന്നു. പുറത്തേക്ക് എത്തിക്കുന്നതിനിടയിൽ പലതവണ ഡോക്ടർ, ദീപക്കിന്റെ ആരോഗ്യനില പരിശോധിക്കുകയും ചെയ്തു.പുറത്ത് എത്തിച്ചാൽ രണ്ടുപേരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ പറഞ്ഞു. കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.