മൂന്നാര്‍: ഇടുക്കി രാജമലക്കടുത്ത് ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിൽ 16 പേർ മരിച്ചു.12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ദേവികുളം തഹസീൽദാർ അറിയിച്ചു. ഇനി 50 പേരെ കൂടി കണ്ടെത്താനുണ്ട്. 78 പേരാണ് അപകടത്തിൽപ്പെട്ടു. മരിച്ചവരിൽ എട്ട് പുരുഷൻമാരും അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ഉൾപ്പെടുന്നത്. ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48) കണ്ണന്‍ (40) അണ്ണാദുരൈ ( 44) രാജേശ്വരി (43) കൗസല്യ (25) തപസ്സിയമ്മാള്‍ (42) സിന്ധു (13) നിധീഷ് (25) പനീര്‍ശെല്‍വം( 50) ഗണേശന്‍ (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒരാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെ മൂന്നാർ കണ്ണൻദേവൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.കണ്ണൻദേവൻ ഡിവിഷൻ പെട്ടിമുടി സെറ്റില്‍മെൻറിലെ ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. 20 വീടുകളുള്ള നാല് ലയങ്ങൾ പൂർണമായും ഒലിച്ചുപോയി.
80തോളം തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് ദുരന്തമുണ്ടായത്. ഫോൺ ബന്ധമില്ലാത്തതിനാൽ രാവിലെ 7.30 തോടെ സമീപവാസികൾ രാജമലയിലെത്തിയാണ് വിവരങ്ങൾ കൈമാറിയത്. തുടർന്ന് വനം വകുപ്പ് അധികൃതരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആദ്യം സംഭവസ്ഥലത്ത് എത്തിയത്.
ഇടമലക്കുടിയിലെ പ്രവേശന കവാടമാണ് പെട്ടിമുടി. മൂന്നുവശങ്ങളും മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പെട്ടിമുടിയിൽ ഫോൺ ബന്ധം നിലച്ചിട്ട് മാസങ്ങളായി. കാലവർഷം ശക്തി പ്രാപിച്ചതോടെ പെരിയവരൈ പാലം തകർന്നത് ഫയർഫോഴ്സിനടക്കം എത്തിപ്പെടാൻ തടസ്സം നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.