കൊച്ചി: കുഞ്ഞുനാളിൽ ബോൾഗാട്ടിയിലെ വീട്ടിൽനിന്ന് നിത്യേന സ്കൂളിലേക്ക് ബോട്ടിൽപോയ കാലത്ത് നിഷിജിത്തിെൻറ മനസ്സ് നിറയെ കടലായിരുന്നു. വർഷങ്ങൾക്കിപ്പുറം ആ കടലിെൻറ ഓളപ്പരപ്പിനെ കീറിമുറിച്ച് ഒഴുകാനൊരുങ്ങുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ കപ്പലിെൻറ മുതലാളിയാണിദ്ദേഹം. വല്ലാർപാടം രാമൻതുരുത്തിലാണ് 'ക്ലാസിക് ഇംപീരിയൽ' എന്ന ആഢംബര കപ്പൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 50 മീ. നീളവും 11 മീ. വീതിയും 10 മീ. ഉയരവുമുള്ള കപ്പൽ ഡിസംബർ 25ന് നീറ്റിലിറക്കാനാണ് ലക്ഷ്യം.
19 വർഷം മുമ്പാണ് ബോൾഗാട്ടി സ്വദേശിയായ നിഷിജിത് കെ. ജോൺ ബോട്ട് വാടകക്കെടുത്ത് ടൂറിസം ബിസിനസ് ആരംഭിക്കുന്നത്. അതിനുമുമ്പ് പ്രമുഖ വാച്ച് കമ്പനിയുടെ സെയിൽസ് റെപ്രസൻറേറ്റിവായും മറ്റും ജോലിചെയ്തു. വാടകബോട്ടിൽ സഞ്ചാരികളെ കൊച്ചിക്കായൽ കാണിച്ചായിരുന്നു തുടക്കം. പിന്നീട് സുഹൃത്തുക്കളുടെ പിന്തുണയോടെ നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് എന്ന കമ്പനി ആരംഭിച്ചു. ഇതിനുകീഴിൽ ക്ലാസിക് പാരഡൈസ് എന്ന ചെറുകപ്പലും നാല് ബോട്ടുകളും നിഷിജിത് നിർമിച്ചു. കോവിഡ് ആദ്യഘട്ട ലോക്ഡൗൺ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് വലിയൊരു കപ്പൽ നിർമിക്കാനുള്ള ശ്രമം ആരംഭിച്ചത്. ലോക്ഡൗൺ വന്നതോടെ മന്ദഗതിയിലായെന്നും ഇല്ലെങ്കിൽ ഇതിനകം സർവിസ് ആരംഭിക്കുമായിരുന്നുവെന്നും നിഷിജിത് പറയുന്നു. കൊച്ചി മറൈൻഡ്രൈവിൽനിന്ന് കടലിലേക്ക് പോവുന്ന കപ്പലിൽ രണ്ട് ശീതീകരിച്ച നിലകളിലായി 150 പേർക്ക് യാത്രചെയ്യാം.
ഇൻറീരിയർ ഉൾെപ്പടെ അവശേഷിക്കുന്ന ജോലികൾ രാവും പകലുമായി 30ലേറെ തൊഴിലാളികൾ ചേർന്നാണ് പൂർത്തിയാക്കുന്നത്. 1,20,000 രൂപ പ്രതിമാസ വാടക നൽകി പോർട്ട് ട്രസ്റ്റ് ഭൂമിയാണ് യാർഡാക്കി മാറ്റിയെടുത്തത്. സർക്കാറിെൻറയോ മറ്റോ ഒരുസഹായവും ഇതുവരെ കിട്ടിയിട്ടില്ല. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് നിഷിജിത്തിെൻറ ആഗ്രഹം. ഡി.ജെ മ്യൂസിക്, ബാൻഡ്, ഭക്ഷണം കൂടാതെ കപ്പലിലെത്തുന്ന വിദേശികൾക്കായി കേരളത്തിെൻറ തനത്കലാരൂപങ്ങളും സംസ്കാരങ്ങളും പരിചയപ്പെടുത്തുന്ന അവതരണങ്ങളുമുണ്ടാവും. വിദ്യാർഥികളുൾെപ്പടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ കടൽയാത്രക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും നിഷിജിത് പറയുന്നു. എഫ്.സി.ഐ ഉദ്യോഗസ്ഥയായ ഭാര്യ ജെൻസി ഫിലിപ്, മക്കളായ നീരജ്, നിഖിൽ എന്നിവരും കട്ട സപ്പോർട്ടുമായുണ്ട്. കലൂരിൽ ഇവർ താമസിക്കുന്ന സ്കൈലൈൻ ഇംപീരിയൽ ഗാർഡൻ ഫ്ലാറ്റിൽനിന്നാണ് ഇംപീരിയൽ എന്ന പേരിടാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.