കൊച്ചി: ലാവലിൻ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടപടി സ്വീകരിക്കുന്നതിനെതിരെ എസ്.എൻ.സി ലാവലിൻ കമ്പനി നൽകിയ ഹരജിയിൽ ഹൈകോടതി ഇ.ഡിയുടെ വിശദീകരണം തേടി. ഈ നിയമം ലാവലിൻ കേസിൽ ബാധകമാക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് ഇ.ഡി നൽകിയ സമൻസുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെടുന്ന ഹരജികളാണ് ജസ്റ്റിസ് കെ. ഹരിപാൽ പരിഗണിച്ചത്. മൂന്നാഴ്ചക്കകം സത്യവാങ്മൂലം നൽകാൻ നിർദേശിച്ച കോടതി അതിന് ശേഷം ഹരജി പരിഗണിക്കാൻ മാറ്റി.
ഫെബ്രുവരി 25, ഏപ്രിൽ എട്ട് തീയതികളിൽ ഹാജരാകാൻ ഇ.ഡി നൽകിയ സമൻസുകൾക്കെതിരെ എസ്.എൻ.സി ലാവലിൻ എൻജിനീയറിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഹരജി നൽകിയത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുതി നിലയങ്ങളുടെ കരാർ കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിന് നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് സി.ബി.ഐ കേസെടുത്തിരുന്നു.
1995-1998 കാലത്തെ കരാർ ഇടപാടുകളുമായി ബന്ധപ്പെട്ട 2005ലെ ഓഡിറ്റർ ജനറലിെൻറ റിപ്പോർട്ടിനെത്തുടർന്നായിരുന്നു നടപടി. സി.ബി.ഐ കേസിെൻറ ചുവടുപിടിച്ചാണ് ഇ.ഡി അന്വേഷണത്തിന് ഒരുങ്ങുന്നതെങ്കിലും ഏതു കേസിലാണ് അന്വേഷണമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സി.ബി.ഐ 2009ൽ നൽകിയ കുറ്റപത്രത്തിൽ എസ്.എൻ.സി ലാവലിൻ എൻജിനീയറിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ പ്രതി ചേർത്തിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
സാമ്പത്തിക ഇടപാടുകളുടെയും സ്വത്തുക്കളുടെയും വിവരങ്ങളുമായി മാർച്ച് 17ന് കൊച്ചിയിലെ ഒാഫിസിൽ ഹാജരാകാൻ ഫെബ്രുവരി 25ന് ഇ.ഡി ആദ്യ സമൻസ് നൽകി. അക്കാലത്ത് കാനഡയിൽനിന്ന് നേരിട്ടാണ് കരാർ ഇടപാടുകൾ നടത്തിയിരുന്നതെന്നും കരാറുമായി ബന്ധമില്ലെന്നും വ്യക്തമാക്കി മറുപടി നൽകി.
എന്നാൽ, ഏപ്രിൽ 21ന് ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് നൽകി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം 2003 ജനുവരി 17നാണ് നിലവിൽ വന്നത്. അതിനുമുമ്പ് നടന്ന ഇടപാടിെൻറ പേരിൽ ഇത്തരമൊരു അന്വേഷണം നിയമപരമല്ലെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.