കോട്ടക്കൽ: ലാവർണ ട്രാൻസ്പോർട്ടിന്റെ പുതിയ ബസ് കൂടി തിങ്കളാഴ്ച നിരത്തിലിറങ്ങുകയാണ്. എന്നാൽ, ഇക്കാലമത്രയും കൂടെ നിന്ന് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്ന സംവിധായകൻ സിദ്ദീഖ് ഇത്തവണ ഒപ്പമില്ല. അകാലത്തിൽ പൊലിഞ്ഞ ബിസിനസ് പങ്കാളിക്ക് ആദരസൂചകമായി പുതിയ ബസിൽ ആദ്യ ദിവസം സൗജന്യയാത്ര ഒരുക്കുകയാണ് ലാവർണ ഗ്രൂപ് ഉടമ പി.കെ. മുഹമ്മദ് ഷാഫി. സ്നേഹാദരയാത്ര എന്ന പേരിൽ തിങ്കളാഴ്ച രാവിലെ തിരൂരിൽനിന്ന് മഞ്ചേരിയിലേക്കാണ് ആദ്യ യാത്ര. ലാവർണ ആൻഡ് എസ് ട്രാവൽസിന്റെ പാർട്ണർ കൂടിയായിരുന്നു സംവിധായകൻ സിദ്ദീഖ്.
മലയാള സിനിമയിലെ കാരവൻ റെന്റൽ ബിസിനസ് സ്ഥാപനമായ ലാവർണ ആൻഡ് എസ് ട്രാവൽസിന്റെ വളർച്ചയിലും സിദ്ദീഖ് പങ്കാളിയായിരുന്നു. 17 വർഷം നീണ്ടുനിന്ന അവിശ്വസനീയമായ ബന്ധമായിരുന്നു സിദ്ദീഖുമായി ഷാഫിക്കും കുടുംബത്തിനും ഉണ്ടായിരുന്നത്. എറണാകുളത്തെ ബാബു സേട്ട് വഴി ഗൾഫിൽനിന്നാണ് പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം വളർന്നതോടെ ഇരുവരും ഒരുമിച്ച് ബിസിനസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അക്കാലത്ത് സംവിധാനം ചെയ്ത സിനിമ ലൊക്കേഷനിൽ കാരവൻ ബസിന്റെ പോരായ്മ സിദ്ദീഖ് മനസ്സിലാക്കിയതോടെയാണ് ഇരുവരും രണ്ട് കാരവൻ ബസുകൾ വാങ്ങുന്നത്. മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന ലാവർണ ബസിൽ പ്രദർശിപ്പിക്കുന്ന ട്രാഫിക്ക് ബോധവത്കരണ സന്ദേശം നൽകുന്നത് സിദ്ദീഖാണ്. പിന്നീട് ലാവർണ ട്രാൻസ്പോർട്ടിന്റെ ബ്രാൻഡ് അംബാസഡറായി മാറി. മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് ലാവർണ ട്രാൻസ്പോർട്ട് തുടക്കമിട്ട ഗതാഗത ബോധവത്കരണ പ്രോഗ്രാമിൽ ഇന്നും സിദ്ദീഖിന്റെ മുഖം നിറഞ്ഞുനിൽക്കുകയാണ്. വിശ്വസ്തനും വഴികാട്ടിയുമായിരുന്ന സിദ്ദീഖ് അണ്ണന് പുതുതായി ഇറങ്ങുന്ന എല്ലാ ബസുകളിലും ആദ്യദിനം ഈ സ്നേഹാദരയാത്ര സമർപ്പിക്കാനാണ് ഷാഫിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.