മാഹി: കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലെ ഏഴാം സെമസ്റ്റർ നിയമ വിദ്യാർഥിനിയായ അഴിയൂരിലെ ശ്രീനിത്യക്ക് ഏറെ മോഹിച്ച ലാപ്ടോപ് യൂത്ത് കോൺഗ്രസ് സമ്മാനിച്ചു.
കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ പഠനാവശ്യത്തിന് ലാപ്ടോപ് വാങ്ങാനുള്ള പണത്തിനായി ശ്രീനിത്യ അഴിയൂർ പഞ്ചായത്തിെൻറ തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്കിറങ്ങിയ വാർത്ത 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത കണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി ലാപ്ടോപ് വാഗ്ദാനം ചെയ്യുകയായിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുബിൻ മടപ്പള്ളി, ബഷീർ പട്ടാരാ തുടങ്ങിയവരുടെ ഇടപെടലിലൂടെ കെ. മുരളീധരൻ എം.പിയാണ് ശ്രീനിത്യക്ക് ലാപ്ടോപ് സമ്മാനിച്ചത്.
ഇതിനിടെ വീടിന് സമീപം ടെലിവിഷൻ സൗകര്യങ്ങമില്ലാതെ ഓൺലൈൻ പഠനത്തിന് പ്രയാസപ്പെട്ടിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് ടി.വി വാങ്ങി നൽകാൻ ശ്രീനിത്യ മുൻകൈയെടുത്തിരുന്നു.
നേരത്തെ സുമനസ്സുകളിൽനിന്ന് തനിക്ക് ലഭിച്ച ചെറിയ രീതിയിലുള്ള സഹായങ്ങൾ ശ്രീനിത്യ ഇതിനായി ഉപയോഗപ്പെടുത്തി. ഇങ്ങനെ കിട്ടിയതും തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്വരൂപിച്ചതുമായ തുക കൊണ്ടാണ് ശ്രീനിത്യ ടി.വി വാങ്ങി വിദ്യാർഥിനിക്ക് നൽകിയത്. ഓൺലൈൻ പഠനാവശ്യത്തിന് വാങ്ങിയ ടി.വി കെ. മുരളീധരൻ എം.പി വിദ്യാർഥിനിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.