കൊട്ടാരക്കര: വാക്കുതർക്കത്തിനിടെ അഭിഭാഷകന് എയർഗൺ ഉപേയാഗിച്ചുള്ള വെടിയേറ്റ് പരിക്ക്. ബുധനാഴ്ച രാത്രി പുലമൺ മുതിരവിള പുത്തൻവീട്ടിൽ അഡ്വ.എം.കെ. മുകേഷിന്‍റെ വലതു തോളിലാണ് വെടിയേറ്റത്. സംഭവത്തിൽ അയൽക്കാരനായ പുലമൺ മുകളുവിള പ്രിൻസ് ബംഗ്ലാവിൽ പ്രൈം എബി അലക്സിനെ (38) അറസ്റ്റ് ചെയ്തു. രാത്രി ജിംനേഷ്യത്തിൽ നിന്ന് വീട്ടിലേക്ക് പോകുംവഴി പ്രൈമിനെ മുകേഷും രണ്ടു കൂട്ടുകാരും ചേർന്ന് തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞിരുന്നു. വീട്ടിലേക്കുപോയ പ്രൈമിനു പിന്നാലെ മുകേഷും സംഘവും എത്തി വീടിനുമുന്നിൽ കല്ലെറിഞ്ഞു. ഇതോടെ പ്രൈം എയർഗൺ കൊണ്ട് ആദ്യം ആകാശത്തേക്കും രണ്ടാമത് മുകേഷിന്‍റെ വലതുതോളിലേക്കും നിറയൊഴിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ മുകേഷിനെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുടുംബവിഷയത്തിൽ ഒരു വർഷമായി ഇരുവരും തമ്മിൽ പലതവണ സംഘർഷം ഉണ്ടായിട്ടുണ്ട്. മുകേഷിന്‍റെ പിതാവിനെ ഹെൽമറ്റ് െവച്ച് തല അടിച്ചുപൊട്ടിച്ച സംഭവത്തിൽ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പ്രൈമിനെതിരെ കേസുണ്ട്. വീടിന്‍റെ ജനാലകൾ മുമ്പും പ്രൈം അടിച്ചുപൊട്ടിക്കുകയും നിരന്തരമായി ശല്യം ചെയ്യുകയും ചെയ്തിരുന്നതായി മുകേഷിന്‍റെ മാതാവ് ഉൾപ്പടെയുള്ള ബന്ധുക്കൾ ആരോപിക്കുന്നു. എയർ ഗണ്ണും പെല്ലെറ്റുകളും പൊലീസ് കണ്ടെടുത്തു. വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. കൊട്ടാരക്കരെ ഐ.എസ്.എച്ച്.ഒ വി.എസ്. പ്രശാന്ത്, എസ്.ഐ കെ.എസ്. ദീപു, എസ്.ഐ ആൽബി, സി.പി.ഒ മഹേന്ദ്രൻ, സി.പി.ഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.