സാക്ഷി വിസ്താരത്തിനിടെ അസഭ്യ പരാമർശങ്ങളുമായി അഭിഭാഷകൻ; കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ജഡ്‌ജിയുടെ ഉത്തരവ്

തിരുവനന്തപുരം: വാഹനാപകടത്തിൽ മരണപ്പെട്ട വ്യക്തിയുടെ നഷ്ട്ടപരിഹാര തുക ലഭിക്കാനുള്ള കേസ് നടപടികളുടെ ഭാഗമായി നടത്തിയ സാക്ഷി വിസ്താരത്തിനിടെ എതിർഭാഗം അഭിഭാഷകനോട്​ കോടതിയുടെ മുമ്പിൽ അസഭ്യ പരാമർശങ്ങൾ നടത്തിയ സീനിയർ അഭിഭാഷകന് കോടതിയുടെ താക്കീത്. കേസിന്‍റെ തുടർ നടപടി മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ല ജഡ്‌ജിക്ക് അറിയിപ്പും നൽകി. സംഭവത്തിൽ അന്വേഷണം നടത്തിയ ജില്ല ജഡ്‌ജി, കേസിന്‍റെ തുടർ നടപടികൾ അഡീ. ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കൈമാറാൻ ഉത്തരവിട്ടു.

തിരുവനന്തപുരം മോട്ടോർ വാഹന കോടതി ജഡ്‌ജി എൻ. ശേഷാദ്രിനാഥന്‍റെ കോടതിയിലാണ് അഭിഭാഷക സമൂഹത്തിന് മൊത്തം കളങ്കിതമാക്കിയ സംഭവം നടന്നത്. വാഹനാപകടത്തിൽ മരണപ്പെട്ട വ്യക്‌തിയുടെ നഷ്ടപരിഹാര തുക ലഭിക്കാൻ നടത്തിയ ഹരജിയിൽ വാദം പരിഗണിക്കുമ്പോഴാണ് സംഭവം. മരണപ്പെട്ട ആളിന് വേണ്ടി കോടതിൽ ഹരജി നൽകിയ വ്യക്‌തി മരണപ്പെട്ടയാളുടെ നിയമപ്രകാരമുള്ള ഭാര്യയല്ല എന്നാണ് എതിർകക്ഷികളുടെ ആരോപണം.

സ്‌പെഷൽ മാര്യേജ് നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കോടതി പരാതിക്കാരനോട്​ നിർദേശിച്ചു. എന്നാൽ, കോടതയിൽ ഈ രേഖകൾ പരാതിക്കാരൻ കൊണ്ടുവരാതെ വിവാഹ ഉടമ്പടി കരാർ ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഇക്കാരണം ശ്രദ്ധയിൽപെട്ട കോടതി പരാതിക്കാരന്‍റെ അഭിഭാഷകനോട് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടു. ഇതുകേട്ട ക്ഷുഭിതനായ സീനിയർ അഭിഭാഷകൻ കോടതിയിൽ അൺപാർലമെന്‍ററി വാക്കുകൾ ഉപയോഗിച്ചു.

സീനിയർ അഭിഭാഷകന്‍റെ ഇത്തരം നടപടി കണ്ട കോടതി കേസിന്‍റെ തുടർ നടപടികൾ നടത്താൻ താൽപ്പര്യമില്ലെന്നും കേസ് മറ്റൊരു കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട്​ ജില്ല ജഡ്‌ജിക്ക് കത്ത് നൽകിയിരുന്നു. ഇതനുസരിച്ച ജില്ല ജഡ്‌ജി കോടതി നടപടികൾ മറ്റൊരു കോടതിക്ക് കൈമാറി ഉത്തരവ് നൽകി. 2012 സെപ്റ്റംബർ 11ന്​ വട്ടിയൂർക്കാവ് ഭാഗത്ത് നടന്ന വാഹനാപകട കേസാണ് കോടതി പരിഗണിക്കുന്നത്.

Tags:    
News Summary - Lawyer with obscene remarks during witness hearing; Judge's order to transfer case to another court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.