കൊച്ചി: ഹൈകോടതി കളമശ്ശേരിയിലേക്ക് മാറ്റുന്നതിൽ അഭിഭാഷക സംഘടനകൾക്ക് എതിർപ്പ്. സി.പി.എം അനുകൂല സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയനടക്കം സംഘടനകൾ ഇക്കാര്യത്തിൽ ആശങ്കയറിയിച്ച് രംഗത്തെത്തി. യൂനിയൻ ഹൈകോടതി കമ്മിറ്റിയും ഭാരതീയ അഭിഭാഷക പരിഷത്തും എതിർപ്പ് പ്രകടിപ്പിച്ച് നടപടികളും തുടങ്ങി.
ഹൈകോടതി മാറ്റത്തെക്കുറിച്ച് അഭിഭാഷകരുമായി സംസാരിച്ചിട്ടില്ലെന്നും അന്തിമ തീരുമാനമെടുക്കും മുമ്പ് ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുമായി സംസാരിച്ച് ആശങ്ക പരിഹരിക്കണമെന്നും ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു.
കോടതി മാറ്റത്തിനെതിരെ അഭിഭാഷക പരിഷത്ത് ചീഫ് ജസ്റ്റിസിന് കത്ത് നൽകി. കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ഫേസ് ബുക്ക് പോസ്റ്റിലൂടെ എതിർപ്പ് അറിയിച്ചു. എതിർപ്പ് വ്യക്തിപരമായല്ല, സംഘടന പ്രസിഡന്റ് എന്ന നിലയിലാണെന്ന് പരാമർശിച്ചിട്ടുമുണ്ട്.
കൊച്ചി: കളമശ്ശേരിയിലെ ജുഡീഷ്യൽ സിറ്റി വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് മുതിർന്ന അഞ്ച് ഹൈകോടതി ജഡ്ജിമാരെ ഉൾപ്പെടുത്തി ഹൈകോടതി ഉന്നതാധികാര സമിതി രൂപവത്കരിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് സതീശ് നൈനാൻ, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്നതാണ് സമിതി. ജനുവരി പത്തുമുതൽ പ്രാബല്യത്തിൽ വന്ന രീതിയിലാണ് സമിതിയുടെ രൂപവത്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.