എൽ.ഡി.എഫ് യോഗത്തിനു ശേഷം കൺവീനർ എ. വിജയരാഘവൻ മാധ്യമങ്ങളോട് സംസാരിക്കുന്നു

ലീഗിൻെറ നേതൃത്വത്തിൽ എല്ലാ വർഗീയവാദികളെയും ഒന്നിപ്പിക്കുന്നു -എ. വിജയരാഘവൻ

തിരുവനന്തപുരം: കെ.ടി ജലീൽ രാജിവെക്കേണ്ടെന്ന് ഇടതുമുന്നണി യോഗത്തിൽ തീരുമാനം. യു.ഡി.എഫിൻെറയും ബി.ജെ.പിയുടെയും സമരത്തെ ഒറ്റക്കെട്ടായി നേരിടാനും തീരുമാനമായതായി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. സമരങ്ങൾക്ക് കോൺഗ്രസ് ക്രിമിനൽ സംഘത്തെ ഉപയോഗിക്കുകയാണെന്നും തിരുവനന്തപുരത്ത് നടന്ന ഇടതുമുന്നണി യോഗത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അക്രമം കെട്ടഴിച്ച് വിടുകയും, പരിശീലിപ്പിച്ച ക്രിമിനൽ സംഘങ്ങളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയും ഇവരെ ഉപയോഗിച്ച് സമരങ്ങൾ നടത്തുകയും ചെയ്യുന്നത് ഇടതുമുന്നണി പ്രതിരോധിക്കും. ഇതിനെതിരെ സെപ്റ്റംബർ 29ന് തിരുവനന്തപുരത്തും ജില്ല കേന്ദ്രങ്ങളിലും അക്രമവിരുദ്ധ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ലീഗിൻെറ നേതൃത്വത്തിൽ എല്ലാ വർഗീയവാദികളെയും ഒന്നിപ്പിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം മതമൗലിക വാദത്തിൻെറ സംഘടനയാണ്. അവരുടെ ധൈഷണിക നേതൃത്വമാണ് ഇപ്പോൾ ലീഗ് അംഗീകരിച്ചിരിക്കുന്നത്. ഹഗിയ സോഫിയ പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനം മുസ്‌ലിം ലീഗിൻെറ തീവ്രവാദ ആഭിമുഖ്യത്തെ ബോധ്യപ്പെടുത്തിയതാണ്. മുസ്‌ലിം തീവ്രവാദ സംഘടനകളുമായി സ്ഥിരമായ സഖ്യം എന്ന നിലപാടിലേക്ക് ലീഗ് മുൻകൈ എടുത്ത് യു.ഡി.എഫ് നീങ്ങുകയാണ്. ബി.ജെ.പിയുടെ വർഗീയ വാദത്തോട് ഒരു വിരോധവുമില്ല എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത് -എൽ.ഡി.എഫ് കൺവീനർ കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.