കോട്ടയം: രാഷ്ട്രീയപാർട്ടികളെ ആശങ്കയിലും ആവേശത്തിലുമാക്കുകയാണ് പുതുപ്പള്ളിയിലെ പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം. puthuppally bye electionഉമ്മൻ ചാണ്ടിയുടെ നിര്യാണം മൂലമുള്ള സഹതാപ തരംഗത്തിൽ മണ്ഡലം ഇക്കുറിയും നഷ്ടമാകുമോയെന്ന ആശങ്കയിൽ എൽ.ഡി.എഫ് തുടരുമ്പോൾ സഹതാപത്തിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ രാഷ്ട്രീയവും ചർച്ചയാക്കാനാണ് യു.ഡി.എഫിന്റെ നീക്കം.
എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുപോലെ വോട്ട് മറിക്കൽ ആരോപണത്തിന് ഇരയാകുമോയെന്ന ആശങ്കയിലാണ് ബി.ജെ.പി. മാസങ്ങൾക്കുള്ളിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്ക് ഉപതെരഞ്ഞെടുപ്പ് നിർണായകവുമാണ്. ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കാൻ നീക്കം നടക്കുന്നെന്ന രീതിയിലുള്ള പ്രചാരണത്തിന് സി.പി.എം നേതൃത്വം നൽകുന്നതുതന്നെ സഹതാപ തരംഗം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. 53വർഷം എം.എൽ.എയായിരുന്ന ഉമ്മൻ ചാണ്ടി മണ്ഡലത്തിൽ എത്ര രൂപ ചെലവഴിച്ചെന്നും എന്ത് വികസനമാണ് മണ്ഡലത്തിൽ വന്നതെന്നുമുള്ള ചോദ്യങ്ങളും എൽ.ഡി.എഫ് ഉന്നയിക്കുന്നു.
എന്നാൽ, പുതുപ്പള്ളിയിൽ രാഷ്ട്രീയം തന്നെ ചർച്ചചെയ്യാനാണ് കോൺഗ്രസ് തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ ഇക്കാര്യമാണ് വ്യക്തമാക്കിയിട്ടുള്ളത്. അതിനുള്ള പ്രചാരണങ്ങളും ആരംഭിച്ചു. ഉമ്മൻ ചാണ്ടി എന്ന വികാരം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് അനുകൂലമാകുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനം പെട്ടെന്ന് നടത്തിയതിന്റെ ആത്മവിശ്വാസവും അവർക്കുണ്ട്. എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് എൽ.ഡി.എഫിനും ബി.ജെ.പിക്കും തിരിച്ചടിയാണ്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജയ്ക് സി.തോമസ്, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ റെജി സക്കറിയ, കെ.എം. രാധാകൃഷ്ണൻ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് എന്നിവരുടെ പേരുകളാണ് സി.പി.എം പരിഗണനയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 10000 വോട്ട് മറിച്ചതിനാലാണ് ഉമ്മൻ ചാണ്ടി ജയിച്ചതെന്ന ആക്ഷേപം വീണ്ടും എൽ.ഡി.എഫ് സജീവമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ശക്തനായ സ്ഥാനാർഥിയില്ലെങ്കിൽ ഉള്ള വോട്ടുകൾ സഹതാപത്തിൽ ഒലിച്ചുപോകുമോയെന്ന ആശങ്കയിലാണ് ബി.ജെ.പി. കഴിഞ്ഞതവണ ലഭിച്ച 11,600ന് മുകളിൽ വോട്ടുകൾ ഇത്തവണ ലഭിച്ചില്ലെങ്കിൽ പേരുദോഷമുണ്ടാകുമെന്ന വിലയിരുത്തലും ബി.ജെ.പിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.