കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി മാറ്റി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ് ഘടകകക്ഷി നേതാവ്. ശ്രീറാം ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കെ.എം. ബഷീറിന്‍റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ആളെ ജില്ലാ കലക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നുവെന്ന് എൽ.ജെ.ഡി ജനറൽ സെക്രട്ടറി സലിം മടവൂർ ഫേസ്ബുക്കിൽ കുറിച്ചു.
"അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും ഈ കൈകൾ മധുരതരമാകില്ല" (ലേഡി മാക്ബത്ത്). ശ്രീറാം വെങ്കട്ടറാമിന് കൊടുക്കാൻ പറ്റിയ കസേരകൾ കേരളത്തിൽ വേറെ ധാരാളമുണ്ട്. ചുരുങ്ങിയത് ബഷീറിന്‍റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ഇവനെ ജില്ലാ കലക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നു.
നിലവിൽ ആരോഗ്യ വകുപ്പ് ജോയന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ് ആലപ്പുഴ ജില്ലാ കലക്ടറായി സംസ്ഥാന സർക്കാർ മാറ്റി നിയമിച്ചത്. ശ്രീറാമിനെ കലക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ് രംഗത്തെത്തിയിരുന്നു. ശ്രീറാമിനെ മാറ്റി നിയമിച്ചതിനെ 'എന്തൊരു ശിക്ഷ!' എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്.
മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്നക്കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.