കിളിമാനൂർ: ഇടതുപക്ഷം ഭരിക്കുന്ന നഗരൂർ പഞ്ചായത്തിൽ വൈസ് പ്രസിഡൻറിനെതിരെ ഭരണകക്ഷി കൊണ്ടുവന്ന അവിശ്വാസം കോൺഗ്രസ്, എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണയോടെ പാസായി. ഇതോടെ, മൂന്നു വർഷവും ഒമ്പതു മാസവുമായി ഇടതുപക്ഷത്തോടൊപ്പമുണ്ടായിരുന്ന വൈസ് പ്രസിഡൻറ് അബി ശ്രീരാജ് പുറത്തായി. അതേസമയം, പാർട്ടി നിർദേശത്തെ അവഗണിച്ച് അവിശ്വാസ ചർച്ചയിലും വോട്ടെടുപ്പിലും രണ്ട് കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തത് ചർച്ചയായി.
പഞ്ചായത്തിൽ ശനിയാഴ്ചയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. പഞ്ചായത്തിലെ 10ാംവാർഡിൽനിന്ന് വിജയിച്ച സുരേഷ്കുമാർ (നന്ദു), 14ാം വാർഡ് അംഗവും വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരംസമിതി അംഗവുമായ അനശ്വരി എന്നിവരാണ് അവിശ്വാസത്തെ പിന്തുണച്ച കോൺഗ്രസ് അംഗങ്ങൾ. ആറാം വാർഡ് അംഗമായ എസ്.ഡി.പി.ഐയിലെ നിസാമുദ്ദീൻ നാലപ്പാട്ടും അവിശ്വാസത്തിനൊപ്പം നിന്നു. തുടർന്ന് 17 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ 10 പേരുടെ പിന്തുണയോടെ പ്രമേയം പാസായി.
വൈസ് പ്രസിഡൻറിനെതിരെ അടുത്തിടെ വെള്ളല്ലൂർ സ്വദേശിനിയായ യുവതി പീഡനപരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിൽ കിളിമാനൂർ പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിനെതുടർന്നാണ് എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്. സ്ത്രീപക്ഷ നിലപാടിനെ എതിർക്കുന്നവരാണ് അവിശ്വാസത്തിൽനിന്ന് വിട്ടുനിന്നതെന്നും അവരിൽ ഏറെയും സ്ത്രീകളാണെന്നും പഞ്ചായത്ത് പ്രസിഡൻറ് ഡി. സ്മിത ‘മാധ്യമ’ത്തോട് പ്രതികരിച്ചു. ബി.ജെ.പി അംഗങ്ങൾക്ക് പാർട്ടി വിപ്പ് നൽകിയപ്പോൾ കോൺഗ്രസ് നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.